സിറ്റിയെ തടയാൻ വെസ്റ്റ് ബ്രോം പ്രതിരോധത്തിനുമായില്ല

- Advertisement -

മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിന് തടയിടാൻ ടോണി പ്യുലിസിന്റെ പ്രതിരോധത്തിനുമായില്ല. വെസ്റ്റ് ബ്രോമിനെ അവരുടെ മൈതാനത്ത് 2-3 ന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു.

സ്റ്റെർലിങ്, അഗ്യൂറോ എന്നിവരെ പുറത്തിരുത്തിയ പെപ് ഗാർഡിയോള ബെർനാടോ സിൽവക്ക് ആദ്യ ഇലവനിൽ അവസരം നൽകി. കളി ആരംഭിച്ചു 10 ആം മിനുട്ടിൽ തന്നെ സിറ്റി ലീഡ് നേടി. ഫെർണാൻഡീഞ്ഞോയുടെ പാസ്സിൽ സാനെയാണ് ഗോൾ നേടിയത്. പക്ഷെ സിറ്റിയെ ഞെട്ടിച്ചുകൊണ്ട് 3 മിനിട്ടുകൾക്ക് ശേഷം വെസ്റ്റ് ബ്രോം സമനില നേടി. ഗരേത് ബാരിയുടെ പാസ്സ് ഗോളാക്കി ജെ റോഡ്രിഗസാണ് ബാഗീസിനെ ഒപ്പമെത്തിച്ചത്. പക്ഷെ രണ്ടു മിനിട്ടുകൾക്ക് ശേഷം ഫെർണാൻഡീഞ്ഞോ സിറ്റിക്ക് വീണ്ടും ലീഡ് സമ്മാനിച്ച ഗോൾ നേടി. ബോക്സിന് പുറത്തുനിന്ന് താരം തൊടുത്ത ഷോട്ട് വെസ്റ്റ് ബ്രോം താരത്തിന്റെ കാലിൽ തട്ടി വലയിൽ പതിച്ചു.

രണ്ടാം പകുതിയിൽ 60 ആം മിനുട്ടിൽ ബെർണാണ്ടോ സിൽവയെ പിൻവലിച്ച പെപ് സ്റ്റർലിങ്ങിനെ ഇറക്കി. ഏറെ വൈകാതെ 64 ആം മിനുട്ടിൽ കെയ്ൽ വൾകറിന്റെ പാസ്സ് സ്റ്റെർലിങ് വലയിലാക്കി, സ്കോർ 1-3.  പിന്നീടും ലീഡ് ഉയർത്താനുള്ള മികച്ച അവസരങ്ങൾ സിറ്റി സൃഷ്ടിച്ചെങ്കിലും വെസ്റ്റ് ബ്രോം ഗോളി ഫോസ്റ്ററിന്റെ മികച്ച പ്രകടനം അവരെ തടഞ്ഞു. 92 ആം മിനുട്ടിൽ മാറ്റ് ഫിലിപ്സിലൂടെ വെസ്റ്റ് ബ്രോം ഒരു ഗോൾ മടക്കിയെങ്കിലും ഏറെ വൈകിയിരുന്നു.

ജയത്തോടെ 10 കളികളിൽ നിന്ന് 28 പോയിന്റുമായി സിറ്റി തന്നെയാണ് ഒന്നാമത്. 10 കളികളിൽ നിന്ന് 10 പോയിന്റ് മാത്രമുള്ള വെസ്റ്റ് ബ്രോം 15 ആം സ്ഥാനത്താണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement