ഇംഗ്ലീഷ് രണ്ടാം ഡിവിഷൻ ആയ ചാമ്പ്യൻഷിപ്പ് ക്ലബ് ഡാർബി കൗണ്ടി മൂന്നാം ഡിവിഷൻ ആയ ലീഗ് വണ്ണിലേക്ക് തരം താഴ്ത്തപ്പെട്ടു. സാമ്പത്തിക ക്രമക്കേട് കാരണം 21 പോയിന്റുകൾ പിഴയും ആയി ആയിരുന്നു ഡാർബി കൗണ്ടി ഈ സീസണിൽ കളത്തിൽ ഇറങ്ങിയത്. പരിശീലകൻ ആയി ഇറങ്ങിയ ഇംഗ്ലീഷ് ഇതിഹാസം വെയിൻ റൂണിയുടെ മികച്ച ശ്രമങ്ങൾക്കും ടീമിനെ പക്ഷെ തരം താഴ്ത്തലിൽ നിന്നു രക്ഷിക്കാൻ ആയില്ല.
കഴിഞ്ഞ മത്സരത്തിൽ ലീഗിൽ ഒന്നാമതുള്ള ഫുൾ ഹാമിനെ വീഴ്ത്തിയ ഡാർബി കൗണ്ടി ഇത്തവണ പക്ഷെ ക്വീൻസ് പാർക് റേഞ്ചേഴ്സിനോട് ഒരു ഗോളിന് പരാജയം ഏറ്റുവാങ്ങി. ഇതോടൊപ്പം റെഡിങ് സ്വാൻസി സിറ്റിയോട് സമനില പാലിച്ചതോടെ ഡാർബി കൗണ്ടിയുടെ തരം താഴ്ത്തൽ ഉറപ്പിക്കുക ആയിരുന്നു. 4-1 നു പിറകിൽ നിന്ന ശേഷം 95 മത്തെ മിനിറ്റിൽ റെഡിങ് 4-4 നു സമനില പിടിക്കുക ആയിരുന്നു. 24 ക്ലബുകൾ ഉള്ള ചാമ്പ്യൻഷിപ്പിൽ 23 മതുള്ള ഡാർബി കൗണ്ടി 1992 നു ശേഷം ഇത് ആദ്യമായാണ് മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെടുന്നത്. അടുത്ത സീസണിൽ റൂണി ഡാർബി കൗണ്ടിക്ക് ഒപ്പം തുടരുമോ എന്നു ഇപ്പോൾ വ്യക്തമല്ല.