ഫ്രാങ്ക് ലമ്പാർഡിടെ ടീമായ ഡെർബി കൗണ്ടിയോട് ഔദ്യോഗികമായി മാപ്പ് പറഞ്ഞ് ലീഡ് യുണൈറ്റഡ്. ഡെർബി കൗണ്ടിയുടെ ട്രെയിനിങ്ങ് രഹസ്യങ്ങൾ ചോർത്താനായി ട്രെയിനിങ് ഗ്രൗണ്ടിലേക്ക് ലീഡ്സ് ചാരനെ അയച്ചത് ഇംഗ്ലീഷ് ഫുട്ബോളിൽ വലിയ വിവാദമായി മാറിയിരുന്നു. ലീഡ്സ് പരിശീലകൻ ബിസ്ലയാണ് ഇത്തരമൊരു പ്രവർത്തിക്ക് പിന്നിൽ ഉണ്ടായിരുന്നത്. അദ്ദേഹം ചാരനെ അയച്ചത് സ്ഥിതീകരിച്ചിരുന്നു. അതിന് മാപ്പ് പറയുകയും ചെയ്തിരുന്നു.
എന്നാൽ ഈ പ്രവർത്തി ക്ഷമിക്കാൻ ആവുന്നതല്ല എന്ന് ഡെർബി കൗണ്ടി പരിശീലകനും മുൻ ചെൽസി താരവുമായ ഫ്രാങ്ക് ലമ്പാർഡ് പറയുകയുണ്ടായി. ഇത് മറ്റു രാജ്യങ്ങളിൽ അവരുടെ സംസ്കാരത്തിന്റെ ഭാഗമായിരിക്കാം എന്നും എന്നാൽ താൻ അത് അംഗീകരിക്കാൻ പോകുന്നില്ല എന്നും ലാമ്പാർഡ് പറഞ്ഞു. ടീമിന്റെ ഒരുക്കത്തെ ഈ നീക്കം ആകെ തകർത്തു കളഞ്ഞതായും ലാപാർഡ് വ്യക്തമാക്കി.
ഇതിന് ശേഷമാണ് ഇന്ന് ക്ലബ് മാനേജ്മെന്റ് വീണ്ടും മാപ്പും പറഞ്ഞ് എത്തിയിരിക്കുന്നത്. പരിശീലകനായ ബിസ്ലയ്ക്ക് സത്യസന്ധത എന്തെന്ന് മാനേജ്മെന്റ് മനസ്സിലാക്കി കൊടുക്കും എന്നും ലീഡ് ക്ലബ് ഉടമകൾ പറഞ്ഞു. ലീഡ്സ് ചാരപ്രവർത്തി നടത്തി എങ്കിലും ഇതിൽ ഫുട്ബോൾ അസോസിയേഷന് പരാതി നൽകില്ല എന്ന് ഡെർബി കൗണ്ടി വ്യക്തമാക്കിയിട്ടുണ്ട്.