ലീഡ്സിന്റെ പ്രീമിയർ ലീഗ് മോഹങ്ങളെ ലീഡ്സിന്റെ ഗ്രൗണ്ടിൽ കെട്ട്കെട്ടിച്ച് ഫ്രാങ്ക് ലാമ്പാർഡും ഡെർബിയും. ഫുട്ബോളിന്റെ മുഴുവൻ മനോഹാരിതയും നിറഞ്ഞ മത്സരത്തിൽ 4-2ന് ജയിച്ചാണ് ഡെർബി പ്ലേ ഓഫ് ഫൈനലിന് യോഗ്യത നേടിയത്. ഫൈനലിൽ ആസ്റ്റൺ വില്ലയാണ് ഡെർബിയുടെ എതിരാളികൾ. ആദ്യ പാദ മത്സരം 1-0ന് സ്വന്തം ഗ്രൗണ്ടിൽ തോറ്റ ഡെർബിക്ക് മികച്ച തിരിച്ച് വരവ് ഒരുക്കിയത് രണ്ടാം പകുതിയിലെ മികച്ച ടീമിനെ ഇറക്കിയ ലാമ്പാർഡാണ്.
ആദ്യമായിട്ടാണ് ഇംഗ്ലീഷ് ചാംപ്യൻഷിപ് ചരിത്രത്തിൽ സ്വന്തം ഗ്രൗണ്ടിൽ ആദ്യ പാദം തോറ്റതിന് ശേഷം രണ്ടാം പാദം ഒരു ടീം ജയിച്ച് ഫൈനലിൽ എത്തുന്നത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡള്ളാസിലൂടെ ലീഡ്സ് മുൻപിലെത്തിയതോടെ മത്സരത്തിൽ ഡെർബിയുടെ സാധ്യത അവസാനിച്ചെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ രണ്ടാം പകുതിയിൽ ലീഡ്സിനെ ഞെട്ടിച്ചുകൊണ്ട് തുടർച്ചയായി മൂന്ന് ഗോൾ അടിച്ച് കൊണ്ട് ഡെർബി മത്സരത്തിലേക്ക് തിരിച്ച് വന്നു. മരിയറ്റും മേസൺ മൗണ്ടും പെനാൽറ്റിയിലൂടെ വിൽസണുമാണ് ഡെർബിയുടെ ഗോളുകൾ നേടിയത്. എന്നാൽ ഡള്ളാസിലൂടെ രണ്ടാമത്തെ ഗോളും നേടി ലീഡ്സ് ടൈ സമനിലയിലാക്കിയെങ്കിലും ബെറാർഡി രണ്ടാമത്തെ മഞ്ഞ കാർഡ് കണ്ട് പുറത്തുപോയതോടെ ഡെർബി മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.
തുടർന്ന് മരിയറ്റ് ആണ് മത്സരത്തിലെ തന്റെ രണ്ടാമത്തെ ഗോളും ഡെർബിയുടെ നാലാമത്തെ ഗോളും നേടി ഡെർബിയെ വെംബ്ലിയിലെത്തിക്കുച്ചത്. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ഡെർബി താരം മലോണിചുവപ്പ് കാർഡ് കണ്ടു പുറത്തുപോയെങ്കിലും ഡെർബി ഗോൾ വഴങ്ങാതെ രക്ഷപെടുകയായിരുന്നു. സീസണിൽ ഇന്നത്തെ മത്സരത്തിന് മുൻപ് ഡെർബിയുമായി കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച ബിയേൽസടെ ലീഡ്സ് നിർണ്ണായകമായ മത്സരം പരാജയപ്പെടുകയായിരുന്നു. സീസൺ മുഴുവൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ലീഡ്സിനെ പ്രീമിയർ ലീഗിൽ എത്തിക്കുന്നതിൽ ബിയേൽസ പരാജയപ്പെടുകയായിരുന്നു.