ബയേണിനെതിരായ തോൽവി തങ്ങൾ ആർഹിച്ചിരുന്നില്ലെന്ന് സാവി. ബാഴ്സലോണ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്, അതേ സമയം അവസാന സ്‌കോർ അനുകൂലമാക്കാൻ കഴിഞ്ഞില്ല അദ്ദേഹം പറഞ്ഞു. തന്റെ ദേഷ്യവും നിരാശയും സാവി മറച്ചു വെച്ചില്ല. വിജയിക്കാൻ വേണ്ടി തന്നെയാണ് തങ്ങൾ കളിച്ചത്, മത്സരം നിയന്ത്രണത്തിൽ ആയിട്ടും കോർണറിൽ നിന്നും ഗോൾ വഴങ്ങിയത് സംഭവിക്കാൻ പാടില്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടീമിന്റെ വീഴ്ചകളിൽ നിന്നും പാഠം ഉൾക്കൊള്ളുമെന്ന് സാവി പറഞ്ഞു.
“ലെവെന്റോവ്സ്കി, പെഡ്രി, റാഫിഞ്ഞ എന്നിവർക്ക് ലഭിച്ച അവസരങ്ങൾ വലയിൽ എത്തിക്കാൻ സാധിക്കാതെ പോയത് നിരാശാവഹമാണ്” സാവി തുടർന്നു. ആദ്യ പകുതിയിൽ ഡെമ്പലെയെ ഫൗൾ ചെയ്തതിന് പെനാൽറ്റി ലഭിക്കേണ്ടതിനെ കുറിച്ച് റഫറിയോട് സംസാരിച്ചു എന്നും എന്നാൽ റഫറി അത് പെനാൽറ്റി അല്ലെന്ന വാദത്തിൽ ഉറച്ചു നിന്നുവെന്നും സാവി പറഞ്ഞു. ബയേണിന് മികച്ചൊരു നിരയുണ്ടെന്നും തങ്ങൾ അതുപോലെ ഒന്ന് ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിൽ ആണെന്നും ബാഴ്‌സ കോച്ച് ചൂണ്ടിക്കാണിച്ചു.