ഇന്നലെ ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ ബാഴ്സലോണ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് വിജയിച്ചിരുന്നു. എന്നാൽ ഈ വിജയം ബാഴ്സലോണയ്ക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ ഉറപ്പ് നൽകുന്നില്ല എന്ന് പരിശീലകൻ വാല്വെർഡെ പറഞ്ഞു. കഴിഞ്ഞ സീസണിലും ഇതു പോലെ മൂന്ന് ഗോളിന്റെ ലീഡ് നേടിയായിരുന്നു റോമിലേക്ക് പോയത് എന്ന് വാല്വെർഡെ ഓർമ്മിപ്പിച്ചു.
കഴിഞ്ഞ സീസൺ ക്വാർട്ടർ ഫൈനലിൽ റോമയ്ക്ക് എതിരെ ആദ്യ പാദത്തിൽ 4-1ന്റെ വിജയം നേടിയ ബാഴ്സലോണ രണ്ടാം പാദത്തിൽ 3-0ന്റെ പരാജയം ഏറ്റുവാങ്ങി ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഇന്നലെ നേടിയ ഈ വിജയം വളരെ വലുതാണെന്നും ഫൈനൽ സാധ്യത വർധിപ്പിക്കുന്നു എന്നും വാല്വെർഡെ പറഞ്ഞു. ലിവർപൂൾ ഇന്നലെ നല്ല പ്രകടനം നടത്തി എന്നും പലപ്പോഴും അവരുടെ നിയന്ത്രണത്തിൽ ആയിരുന്നു മത്സരം എന്നും വാല്വെർഡെ സമ്മതിച്ചു. മെസ്സിയുടെ അസാമാന്യമായ മികവിനെയും വാല്വെഡെ പ്രശംസിച്ചു.