ഈ ടീമിനെ വെച്ച് എവിടെ എത്താനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഏറ്റു വാങ്ങിയത് ക്ലബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചാമ്പ്യൻസ് ലീഗ് പരാജയങ്ങളിൽ ഒന്നാണ്. ആദ്യമായാണ് 4 ഗോളിന്റെ അഗ്രിഗേറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് മത്സരം തോൽക്കുന്നത്. ഈ തോൽവിക്ക് ആരെ പഴിക്കണം എന്ന് ആരാധകർക്ക് പോലും അറിയില്ല. ലോക ഫുട്ബോളിൽ ഇങ്ങനെ മോശമായി റൺ ചെയ്യുന്ന വേറെ ഒരു ക്ലബ് ഉണ്ടോ എന്ന് സംശയമാണ്.

ഫുട്ബോളിംഗ് കാര്യത്തിൽ ഒഴികെ ബാക്കി എല്ലാ ബിസിനസിലും മുന്നിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പക്ഷെ ഫുട്ബോളിന്റെ കാര്യത്തിൽ ഏതാണ്ട് ഇപ്പോൾ വട്ട പൂജ്യത്തിന് അരികിലാണ്. അതാണ് ഇന്ന് ബാഴ്സലോണ ഒരിക്കൽ കൂടി ലോകത്തിന് ചൂണ്ടി കാണിച്ചു കൊടുത്തത്. വർഷങ്ങളായി ഒരു നല്ല സ്ക്വാഡിനെ ഉണ്ടാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറായിട്ടില്ല. സർ അലക്സ് ഫെർഗൂസണുള്ള കാലത്ത് താരങ്ങളെ ആവശ്യമില്ലായിരു‌ന്നു. അദ്ദേഹം സാധാ കളിക്കാരെ താരങ്ങളായി മാറ്റുമായിരുന്നു. പക്ഷെ ഫെർഗൂസന് ശേഷം അതല്ല ഗതി.

മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെ പോൾ പോഗ്ബയും ഡി ഹിയയും അല്ലാതെ ഏതെങ്കിലും ഒരു താരത്തിന് ലോകത്തെ മികച്ച ഏതെങ്കിലും ക്ലബുകളിൽ ഇപ്പോൾ ആദ്യ ഇലവനിൽ കളിക്കാൻ യോഗ്യത ഉണ്ടോ? ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ആദ്യ ഗോളിന് കാരണക്കാരനായ ആഷ്ലി യംഗിനെ നോക്കാം. ക്ലബിന്റെ ക്യാപ്റ്റനാണ് യംഗ്. ഒരു പന്ത് എങ്ങോട്ട് പാസ് ചെയ്യണമെന്ന് പോലും അറിയാത്ത താരം. കീനും നെവിലും വിഡിചും ഒക്കെ അണിഞ്ഞ ക്യാപ്റ്റൻ ആം ബാൻഡ് അണിയാൻ എന്തർഹതയാണ് യങ്ങിനും വലൻസിയക്കും ഉള്ളത്.

ഇന്ന് ആദ്യ 20 മിനുട്ടിനിടെ 16 തവണയാണ് യംഗിന് പന്ത് കിട്ടിയത്. അതിൽ മാത്രം 4 തവണ യംഗ് പന്ത് നഷ്ടപ്പെടുത്തുകയും ചെയ്തു. യങ്, സ്മാളിംഗ്, ജോൺസ്, ലിംഗാർഡ് തുടങ്ങി എത്ര ശരാശരി താരങ്ങൾ. എന്തിന് എല്ലാവരും വാഴ്ത്തുന്ന റാഷ്ഫോർഡും മാർഷ്യലും വരെ മികച്ച കളിക്കാർ തന്നെ ആണോ എന്നത് സംശയമാണ്. മൗറീനോ മുമ്പ് ആവർത്തിച്ചു പറഞ്ഞതാണ് യുണൈറ്റഡിന്റെ സ്ക്വാഡിന് നിലവാരമില്ല എന്ന്. പക്ഷേ അന്നൊന്നും ആരും അത് ചെവി കൊണ്ടില്ല.

ഇനി അടുത്ത സീസണിലും ഈ താരങ്ങൾ തന്നെയാണ് യുണൈറ്റഡിന്റെ പ്രധാന താരങ്ങൾ എങ്കിൽ സ്കോൾസ് പറഞ്ഞതു പോലെ കിരീടങ്ങൾ എന്നത് യുണൈറ്റഡ് മറന്നു തുടങ്ങേണ്ടി വരും. നല്ല താരങ്ങളെ സൈൻ ചെയ്യാതെ കപ്പ് സ്വന്തമാക്കാമെന്ന മാഞ്ചസ്റ്റർ ബോർഡിന്റെ സ്വപ്നത്തിൽ നിന്ന് എപ്പോൾ ക്ലബ് ഉണരുന്നോ അന്നേ മാഞ്ചസ്റ്റർ യുണൈറ്റഡ് രക്ഷപ്പെടുകയുള്ളൂ.