ചാമ്പ്യൻസ് ലീഗിലെ ആഹ്ലാദ പ്രകടനത്തിന്റെ പേരിൽ യുവന്റസിന്റെ സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡൊക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് യുവേഫ. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിൽ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തിയ ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ ആഹ്ലാദ പ്രകടനത്തിനെതിരെ ആണ് ഇപ്പോൾ യുവേഫ അന്വേഷണം പ്രഖ്യാപിച്ചത്. യുവേഫയുടെ എത്തിക്സ് ആൻഡ് ഡിസിപ്ലിനറി കമ്മറ്റിയാണ് റൊണാൾഡോയ്‌ക്കെതിരായ ശിക്ഷ നടപടികൾ തീരുമാനിക്കുക. മാർച്ച് 21 ആണ് കമ്മറ്റി വീണ്ടും ചേരുന്നതും ശിക്ഷ നടപടികൾ പ്രഖ്യാപിക്കുന്നതും.
ആദ്യ പാദ പ്രീക്വാർട്ടറിൽ യുവന്റസിനെ പരാജയപ്പെടുത്തിയയ ശേഷം അത്ലറ്റിക്കോ മാഡ്രിഡ് പരിശീലകൻ സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനം ആവർത്തിക്കുക ആയിരുന്നു റൊണാൾഡോ ചെയ്തത്. സിമിയോണി നടത്തിയ ആഹ്ലാദ പ്രകടനത്തിന്റെ പേരിൽ പിന്നീട് അദ്ദേഹം പരസ്യമായി മാപ്പു പറയേണ്ടതായും ഒപ്പം പിഴ അടക്കേണ്ടതായും വന്നിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ സിമിയോണിക്കും അത്ലറ്റിക്കോ മാഡ്രിഡ് ആരാധകർക്ക് മറുപടി ആയാണ് ഈ ആഹ്ലാദ പ്രകടനം നടത്തിയത്.