ബ്രസീലിനു വേണ്ടി ഇറ്റാലിയൻ ടീമിലേക്കുള്ള ക്ഷണം നിരസിച്ച് ലാസിയോ താരം

ബ്രസീലിന്റെ ദേശീയ ടീമിൽ കളിക്കാൻ വേണ്ടി ഇറ്റാലിയൻ ടീമിലേക്കുള്ള ക്ഷണം നിരസിച്ച് ലാസിയോ താരമായ ലൂയിസ് ഫിലിപ്പെ. ലാസിയോയുടെ പ്രതിരോധ താരമായ ഫിലിപ്പെ ഇറ്റലിയുടെ അണ്ടർ 21 സ്‌ക്വാഡിലേക്കുള്ള ക്ഷണമാണ് നിരസിച്ചത്. ക്രൊയേഷ്യക്കും ആസ്ട്രിയക്കും എതിരായ സൗഹൃദ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ലൂയിജി ഡി ബിയാജിയോ താരത്തെ ഉൾപ്പെടുത്തിയിരുന്നു.

എന്നാൽ ബ്രസീലിയൻ ടീമിൽ കളിക്കാനുള്ള താത്പര്യം താരം അറിയിച്ചതിനെ തുടർന്ന് സ്‌ക്വാഡിൽ നിന്നും ലൂയിസ് ഫിലിപ്പെയെ ഒഴിവാക്കി. ഇരട്ട പൗരത്വം ഉള്ളതിനാൽ ഇരു രാജ്യങ്ങൾക്ക് വേണ്ടി കളിക്കാനും താരം യോഗ്യനായിരുന്നു. ബ്രസീലിയൻ താരമായ ലൂയിസ് ഫിലിപ്പെ 2016 ൽ ആണ് ഇറ്റലിയിൽ എത്തുന്നത്. ഈ സീസണിൽ 17 മത്സരങ്ങളിൽ ലാസിയോക്ക് വേണ്ടി താരം ബൂട്ടണിഞ്ഞിട്ടുണ്ട്.