തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും 4 ഗോളുകൾ അടിച്ചു ബെസ്കിറ്റാസിനെ തകർത്തു സ്പോർട്ടിങ് ലിസ്ബൺ. ചാമ്പ്യൻസ് ലീഗിൽ ഈ സീസണിലെ രണ്ടാം ജയം ആണ് സ്പോർട്ടിങ് കുറിച്ചത്. മത്സരത്തിൽ ഏതാണ്ട് 60 ശതമാനം സമയം പന്ത് കൈവശം വച്ച പോർച്ചുഗീസ് വമ്പന്മാർ നിരവധി അവസരങ്ങളും സൃഷ്ടിച്ചു. 30 മത്തെ മിനിറ്റിൽ താൻ തന്നെ നേടിയ പെനാൽട്ടി ഗോൾ ആക്കി മാറ്റിയ പോടെ പെഡ്രോ അന്റോണിയോ ആണ് സ്പോർട്ടിങിന് മത്സരത്തിൽ ആദ്യ ഗോൾ സമ്മാനിക്കുന്നത്. തുടർന്ന് 38 മത്തെ മിനിറ്റിൽ നുനസിന്റെ പാസിൽ നിന്നു പോടെ തന്റെ രണ്ടാം ഗോളും നേടുന്നു.
തുടർന്ന് 41 മത്തെ മിനിറ്റിൽ റിക്കാർഡോ നൽകിയ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്നു സ്പോർട്ടിങിന്റെ മൂന്നാം ഗോൾ നേടുന്ന പൗളീന്യോ അവരുടെ ജയം ഉറപ്പിക്കുന്നു. തുടർന്ന് രണ്ടാം പകുതിയിൽ 56 മത്തെ മിനിറ്റിൽ പാബ്ലോ സറാബിയ ആണ് പോർച്ചുഗീസ് ടീമിന് ആയി ഗോളടി പൂർത്തിയാക്കുന്നത്. മത്സരത്തിന്റെ അവസാന നിമിഷം രണ്ടാം മഞ്ഞ കാർഡ് കണ്ട ജോസഫ് ഡിയാസ് പുറത്ത് പോയതോടെ 10 പേരായാണ് തുർക്കി ക്ലബ് മത്സരം പൂർത്തിയാക്കുന്നത്. നിലവിൽ ഗ്രൂപ്പ് സിയിൽ ഡോർട്ട്മുണ്ടിനു ഒപ്പം 6 പോയിന്റുകൾ ഉള്ള സ്പോർട്ടിങ് മൂന്നാം സ്ഥാനത്ത് ആണ്. അതേസമയം ഇത് വരെ ഒരു പോയിന്റ് പോലും ഇത്തവണ ചാമ്പ്യൻസ് ലീഗിൽ നേടാൻ ബെസ്കിറ്റാസിനു ആയിട്ടില്ല.