ചാമ്പ്യൻസ് ലീഗിൽ ഫ്രഞ്ച് ക്ലബ് റെന്നേഴ്സിന് എതിരെ എതിരില്ലാത്ത ഒരു ഗോളിന് ജയം കണ്ടു സ്പാനിഷ് വമ്പന്മാർ ആയ സെവിയ്യ. മത്സരത്തിൽ വലിയ ആധിപത്യം പുലർത്തിയ സെവിയ്യ 66 ശതമാനം സമയവും പന്ത് കൈവശം വക്കുകയും 23 തവണ ഷോട്ടുകൾ ഉതിർക്കുകയും ചെയ്തു. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 55 മത്തെ മിനിറ്റിൽ മാർക്കോസ് അക്യൂനയുടെ പാസിൽ നിന്നു ലൂക് ഡി ജോങിന്റെ മികച്ച ഗോൾ ആണ് സെവിയ്യക്ക് ജയം സമ്മാനിച്ചത്. ഇതോടെ ഗ്രൂപ്പ് ഇയിൽ ചെൽസിക്കും സെവിയ്യക്കും ഒരേ പോയിന്റുകൾ ആയി.
അതേസമയം ലാസിയോയെ ബെൽജിയം ക്ലബായ ക്ലബ് ബ്രൂഷ് സമനിലയിൽ പിടിച്ചു. മത്സരത്തിൽ 14 മത്തെ മിനിറ്റിൽ കൊറിയയിലൂടെ ലാസിയോ ആണ് മുന്നിലെത്തിയത്. എന്നാൽ 42 മത്തെ മിനിറ്റിൽ പെനാൽട്ടി വഴങ്ങിയത് ലാസിയോക്ക് തിരിച്ചടി ആയി. പെനാൽട്ടി ലക്ഷ്യം കണ്ട ഹാൻസ് വനകെൻ ബെൽജിയം ക്ലബിന് സമനില സമ്മാനിച്ചു. ഇതോടെ എഫ് ഗ്രൂപ്പിൽ ഇരു ടീമുകൾക്കും 4 പോയിന്റുകൾ വീതമായി. ഗ്രൂപ്പ് ജിയിൽ ഹംഗേറിയൻ ക്ലബ് ഫെറങ്ക്വാറോസ് ഡൈനാമോ കീവ് മത്സരം 2-2 നു സമനിലയിൽ പിരിഞ്ഞു. ആദ്യ പകുതിയിൽ 2 ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഹംഗേറിയൻ ക്ലബ് സമനില പിടിച്ചത്.