വർഷാവസാനം ഒന്നാം റാങ്കിൽ ജ്യോക്കോവിച്ച് തന്നെ, അഗാസിയുടെ റെക്കോർഡിന് ഒപ്പമെത്തി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ആറാം വർഷവും വർഷാവസാനം ഒന്നാം റാങ്ക് ഉറപ്പിച്ചു നൊവാക് ജ്യോക്കോവിച്ച്. എ.ടി. പി ടൂറിൽ വിയന്ന ഇൻഡോർ 500 മാസ്റ്റേഴ്സിൽ അവസാന പതിനാറിൽ ബോർണ ചോരിച്ചിനെ മറികടന്നതോടെ ജ്യോക്കോവിച്ച് വർഷാവസാനം ഒന്നാം റാങ്ക് ഉറപ്പിക്കുക ആയിരുന്നു. ഇതോടെ ആറു വർഷം ഈ നേട്ടം കൈവരിക്കുന്ന ജ്യോക്കോവിച്ച് ആന്ദ്ര അഗാസിയുടെ റെക്കോർഡിന് ഒപ്പമെത്തി. ചോരിച്ചിനെതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത് എങ്കിലും ആദ്യ സെറ്റിൽ കടുത്ത പോരാട്ടം ആണ് ജ്യോക്കോവിച്ച് നേരിട്ടത്. ആദ്യ സെറ്റിൽ 4 സെറ്റ് പോയിന്റുകൾ രക്ഷിച്ച ജ്യോക്കോവിച്ച് ടൈബ്രേക്കറിലൂടെയാണ് ഈ സെറ്റ് നേടിയത്. രണ്ടാം സെറ്റിൽ 9 ഏസുകൾ ഉതിർത്ത ചോരിച്ചിന്റെ സർവീസ് രണ്ടു പ്രാവശ്യം ഭേദിച്ച ജ്യോക്കോവിച്ച് സെറ്റ് 6-3 നു സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.

അതേസമയം ബുസ്റ്റയെ 7-5, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു കെവിൻ ആന്റെഴ്സനും ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. ജർമ്മൻ താരം ലനാർഡ് സ്ട്രഫിന്റെ കടുത്ത പോരാട്ടം അതിജീവിച്ച മൂന്നാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് അവസാന പതിനാറിൽ എത്തി. 12 ഏസുകൾ ഉതിർത്തു 2 ബ്രൈക്കുകൾ നേടിയ സ്റ്റിസ്റ്റിപാസ് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ട ശേഷമാണ് 6-3, 6-4 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടി മത്സരം സ്വന്തമാക്കിയത്. ജേസൻ ജുങിനെ 6-3, 6-1 എന്ന സ്കോറിന് തകർത്ത റഷ്യൻ താരമായ നാലാം സീഡ് ഡാനിൽ മെദ്വദേവും അനായാസം അവസാന പതിനാറിൽ എത്തി. അതേസമയം നാട്ടുകാരൻ ആയ വാസക് പോസ്പിസിലിനോട് 7-5, 7-5 എന്ന നേരിട്ടുള്ള സ്കോറിന് തോറ്റ യുവ കനേഡിയൻ താരം ഫെലിക്‌സ് ആഗർ അലിയാസമെ ടൂർണമെന്റിൽ നിന്നു പുറത്തായി.