ചാമ്പ്യൻസ് ലീഗിൽ ഇന്റർ മിലാനെ തകർത്ത് റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ഇറ്റാലിയൻ ടീമായ ഇന്റർ മിലാനെ പരാജയപ്പെടുത്തിയത്. പത്ത് പേരായി ചുരുങ്ങിയ ഇന്റർ മിലാനെയാണ് റയൽ വീഴ്ത്തിയത്. ഈഡൻ ഹസാർഡിന്റെ പെനാൽറ്റിയിൽ ആദ്യ പകുതിയിൽ ഗോളടിച്ച റയൽ രണ്ടാം പകുതിയിൽ ഹക്കീമിയുടെ സെൽഫ് ഗോളിലൂടെ ലീഡുയർത്തി. റയലിന് വേണ്ടി വാസ്ക്വസിൽ നിന്നും പന്ത് സ്വീകരിച്ച പകരക്കാരനായി ഇറങ്ങിയ റോഡ്രിഗോ ലക്ഷ്യം കാണുകയായിരുന്നു.
ആദ്യ പകുതിയിൽ നിക്കോളോ ബാരെല്ല നാച്ചോ ഫെർണാണ്ടസിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു റയലിന് അനുകൂലമായ പെനാൽറ്റി ലഭിച്ചത്. പിന്നാലെ തന്നെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റി ലഭിക്കാത്തതിനാൽ റഫറിയുമായി കലഹിച്ച വിദാൽ ചുവപ്പ് കണ്ട് പുറത്ത് പോയി. ഇത് കളിയിൽ ഇന്ററിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. റാമോസും ബെൻസിമയും ഇല്ലാതെയിറങ്ങിയ സിദാനും സംഘത്തിനും ആശ്വാസകരമാണ് ഈ ജയം. ചാമ്പ്യൻസ് ലീഗിൽ നാല് കളികളിൽ ജയമില്ലാത്ത ഇന്ററിൽ കോണ്ടെയുടെ പരിശീലക സ്ഥാനം തുലാസിലാണ്.