ലിവർപൂളിന്റെ ഈ സീസണിലെ ദയനീയ ഫോം യൂറോപ്പിലും തുടരുകയാണ്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിന്റെ ആദ്യ പാദത്തിൽ ക്ലോപ്പിന്റെ ടീം പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ന് മാഡ്രിഡിൽ ചെന്ന് ശക്തരായ റയൽ മാഡ്രിഡിനെ ആയിരുന്നു ലിവർപോഒൽ നേരിട്ടത്. വരാനെയും റാമോസും ഒന്നും ഇല്ലാഞ്ഞിട്ട് വരെ 3-1ന്റെ വിജയം നേടാൻ റയലിനായി.
ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പിറകിലായി. ആദ്യ രണ്ടു ഗോളുകളും സൃഷ്ടിച്ചത് ക്രൂസ് ആയിരുന്നു. 27ആം മിനുട്ടിൽ വിനീഷ്യസ് ജൂനിയറിലൂടെ ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. ക്രോസിന്റെ മനോഹരമായ ലോബ് പാസിൽ നിന്നായുരുന്നു ആ ഗോൾ. കളിയുടെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്പാണ് രണ്ടാം ഗോൾ വന്നത്.
എളുപ്പത്തിൽ ഡിഫൻഡ് ചെയ്യമായിരുന്ന ഒരു ബോൾ അർനോൾഡിന്റെ പിഴവ മുതലെടുത്ത് അസൻസിയോ വലയിൽ എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ സലായുടെ ഗോൾ വഴി തിരിച്ചടിക്കാൻ ലിവർപൂളിനായി എങ്കിലും ഫലം ഉണ്ടായില്ല. 65ആം മിനുട്ടിൽ വീണ്ടും വിനീഷ്യസ് വലകുലുക്കിയതോടെ റയലിന്റെ വിജയം ഉറപ്പായി. തോറ്റെങ്കിലും ഒരു എവേ ഗോൾ സ്കോർ ചെയ്തത് ലിവർപൂളിന് ആശ്വാസം നൽകും.