ചാമ്പ്യൻസ് ലീഗിൽ മൗറീന്യോയുടെ ടോട്ടനം നാഗെൽസ്മാന്റെ ലെപ്സിഗിന് എതിരെ

- Advertisement -

ചാമ്പ്യൻസ് ലീഗിൽ ആദ്യ പാദ പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ് ടോട്ടനം ഹോട്സ്പർ ജർമ്മൻ ക്ലബ് ആർ.ബി ലെപ്സിഗിനെ നേരിടും. രാത്രി 1.30 തിനു ടോട്ടനം ഹോട്സ്പർ സ്റ്റേഡിയത്തിൽ ആണ് മത്സരം. ഇത് ആദ്യമായാണ് ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നത്. ലോക ഫുട്‌ബോളിലെ ഏറ്റവും പരിചയസമ്പന്നനും ഇതിഹാസപരിശീലകനും ആയ ഹോസെ മൗറീന്യോയും ലോക ഫുട്‌ബോളിലെ പരിശീലന രംഗത്തെ ചെറുപ്പക്കാരനും പുതിയ സൂപ്പർ സ്റ്റാർ എന്നും അറിയപ്പെടുന്ന യൂലിയൻ നാഗെൽസ്മാനും തമ്മിലുള്ള പോരാട്ടം എന്ന നിലയിലും മത്സരം ശ്രദ്ധേയമാണ്. നിലവിൽ കഴിഞ്ഞ 7 മത്സരങ്ങളിൽ തോൽവി അറിയാത്ത ടോട്ടനത്തിന് പക്ഷെ പരിക്ക് ആണ് വിഷയം. ഹാരി കെയ്‌നെ മുമ്പേ നഷ്ടമായ അവർക്ക് ഇപ്പോൾ പരിക്ക് മൂലം സോണിന്റെ അഭാവവും വലിയ ആഘാതം ആവും. മറുവശത്ത് പലപ്പോഴും സ്ഥിരത ഇല്ലായ്മ ആണ് ജർമ്മൻ ടീമിന്റെ പ്രശ്നം.

ഗ്രൂപ്പ് ബിയിൽ ബയേണിന് പിറകിൽ രണ്ടാമത് ആയി ആണ് ടോട്ടനം അവസാന പതിനാറിൽ എത്തിയത്. മൗറീന്യോ സ്ഥാനം ഏറ്റ ശേഷം ഫോമിലേക്ക് തിരിച്ചു എത്തിയ ടീമിന് പക്ഷെ പ്രതിരോധം ആണ് പ്രശ്നം. പ്രതിരോധത്തിനു പേരു കേട്ട മൗറീന്യോക്ക് കീഴിൽ കളിച്ച 20 മത്സരങ്ങളിൽ വെറും 3 എണ്ണത്തിൽ മാത്രം ആണ് അവർ ഇത് വരെ ഗോൾ വഴങ്ങാതിരുന്നത്. അതേസമയം ഇതിൽ 17 മത്സരങ്ങളിൽ കെയിനിന്റെ അഭാവത്തിലും ഗോൾ നേടാൻ ടോട്ടനത്തിനു ആയിരുന്നു. എന്നാൽ ഈ മത്സരങ്ങളിൽ നിർണായകമായ സോണിനെ ഇപ്പോൾ പരിക്ക് മൂലം നഷ്ടമായത് അവർക്ക് പക്ഷെ വലിയ തിരിച്ചടി ആണ്. ലോറിസ് വല കാക്കുമ്പോൾ പ്രതിരോധത്തിൽ ടോബി ആൾഡരവൈൽഡ്, സാഞ്ചസ് സഖ്യം എങ്ങനെ കളിക്കും എന്നത് ആവും ടോട്ടനത്തിന്റെ മത്സരഫലം നിക്ഷയിക്കുക. നിലവിൽ പ്രീമിയർ ലീഗിൽ അഞ്ചാമത് ഇരിക്കുന്ന അവർ മികച്ച ഫോമിൽ ആണ്.

കഴിഞ്ഞ വർഷത്തെ ഫൈനൽ കളിച്ച ടോട്ടനം ഗ്രൂപ്പ് ഘട്ടത്തിൽ ബയേണിനോട് 7-2 നു ഏറ്റ തോൽവിയിൽ നിന്ന് പൂർണ മുക്തമാണ്. എന്നാൽ ഗ്രൂപ്പ് ഘട്ടത്തിൽ വഴങ്ങിയ 14 ഗോളുകൾ അവരുടെ പ്രതിരോധത്തിലെ വിള്ളൽ എടുത്ത് കാണിക്കുന്നു. മധ്യനിരയിൽ സിസോക്കയുടെ അഭാവത്തിൽ എറിക് ഡയറുടെ പ്രകടനം നിർണായകമായേക്കും. സോണിന്റെ അഭാവത്തിൽ അർജന്റീനൻ താരം ലെ സെലോ, ഡെലെ അലി, ലൂക്കാസ് മോറ എന്നിവർക്ക് ഒപ്പം യുവ ഡച്ച് താരം സ്റ്റീഫൻ ബെർജിവിൻ എന്നിവരുടെ പ്രകടനം മുന്നേറ്റത്തിൽ വളരെ നിർണായകമാവും. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഗോൾ നേടിയ യുവ ഡച്ച് താരം ടോട്ടനത്തിന്റെ പ്രതീക്ഷയാണ്. എന്നാൽ ഗോൾ അടിക്കാൻ ഏറ്റവും കൂടുതൽ ആശ്രയിച്ച രണ്ട് പ്രമുഖ താരങ്ങളുടെ അഭാവം മൗറീന്യോക്ക് തലവേദന ആവും. എന്നാൽ വലിയ മത്സരങ്ങളിലെ മൗറീന്യോ മാജിക്കിൽ ആണ് ആരാധകരുടെ പ്രതീക്ഷ.

അതേസമയം പലപ്പോഴും സ്ഥിരത ഇല്ലായ്മ ആണ് ലെപ്സിഗിന്റെ പ്രശ്നം. നിലവിൽ ലീഗിൽ ബയേണിനു പിറകിൽ രണ്ടാമത് നിൽക്കുന്ന അവർ ഇടക്ക് തീർത്തും നിറം മങ്ങിയിരുന്നു. എന്നാൽ അവസാനമത്സരത്തിൽ ആധികാരിക ജയം നേടിയ അവർ ഫോമിലേക്ക് തിരിച്ച് എത്തുന്ന സൂചനകൾ നൽകി. ഗ്രൂപ്പ് ജിയിൽ ലിയോണിനെ മറികടന്നു ഒന്നാമത് ആയാണ് ലെപ്സിഗ് അവസാന 16 ൽ എത്തുന്നത്. കൂടാതെ അവസാനം കളിച്ച 4 ചാമ്പ്യൻസ് ലീഗ് അവേ മത്സരങ്ങളിലും അവർ തോൽവി അറിഞ്ഞിട്ടില്ല. മുന്നേറ്റത്തിൽ ജർമ്മൻ ഗോൾ അടിയന്ത്രം തിമോ വെർണർ, എമിൽ ഫോസ്‌ബർഗ് തുടങ്ങിയ താരങ്ങളുടെ ആക്രമണമികവ് ആണ് ലെപ്സിഗിന്റെ കരുത്ത്. ഇത് വരെ ചാമ്പ്യൻസ് ലീഗിൽ ലെപ്സിഗ് നേടിയ ഗോളുകളിൽ പകുതിയും ഈ രണ്ട് താരങ്ങളും ആണ് നേടിയത്. അതിനാൽ തന്നെ ഇവരെ തടയുക ആവും ടോട്ടനത്തിനു മുന്നിലുള്ള വെല്ലുവിളി.

ഇവരെ കൂടാതെ യൂസഫ് പോൾസൻ, ലൂക്ക്മാൻ തുടങ്ങിയ മുന്നേറ്റക്കാരുടെ സാന്നിധ്യവും നാഗെൽസ്മാന്റെ ടീമിന്റെ ശക്തി കൂട്ടുന്നു. മധ്യനിരയിൽ ഫോസ്ബർഗിന് ഒപ്പം സ്ട്രോസിന്റെ സാന്നിധ്യം കരുത്ത് ആവും എങ്കിലും കാമ്പൽ, ടെയ്‌ലർ ആദംസ് എന്നിവർ പരിക്ക് മൂലം ഈ മത്സരം കളിക്കില്ല എന്നത് ലെപ്സിഗിന് തിരിച്ചടി ആണ്. കൂടാതെ പരിക്കും സസ്‌പെൻഷനും ഉലക്കുന്ന പ്രതിരോധം ലെപ്സിഗിനു തലവേദന ആണ്. വിലി ഒർബാനും ഇബ്രാഹിമ കൊനാറ്റയും പരിക്കിൽ ആണെങ്കിൽ നിർണായക താരം ആയ ഡയോട്ട് ഉപമെകാനോ സസ്‌പെൻഷനിലും ആണ്. സമീപകാലത്തെ ഫോമിൽ ഇരു ടീമുകളും മത്സരത്തിൽ ഗോൾ കണ്ടത്തും എന്ന് തന്നെയാണ് പ്രതീക്ഷ. നാഗെൽസ്മാന്റെ യുവത്വമോ മൗറീന്യോയുടെ പരിചയസമ്പത്തോ ഏത് ആവും ഇന്ന് ജയിക്കുക എന്ന് കാത്തിരുന്നു കാണാം.

Advertisement