ചാമ്പ്യൻസ് ലീഗ് പ്രീ ക്വർട്ടറിൽ ചെൽസി ഡോർമുണ്ടിനെ നേരിടുമ്പോൾ ബെൻഫികക്ക് എതിരാളികൾ ആയി ക്ലബ്ബ് ബ്രുഷ്. സീസണിൽ വൻ തിരിച്ചടികൾ നേരിടുന്ന ചെൽസിക്ക് ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞാൽ അത് വലിയ ആശ്വാസമാകുമെങ്കിൽ, നോക്ഔട്ട് റൗണ്ടിലേക്കുള്ള അപ്രതീക്ഷിത എൻട്രി ആയ ക്ലബ്ബ് ബ്രുജിനെതിരെ ഒരുങ്ങി തന്നെ ആവും ബെൻഫിക്കയും ഇറങ്ങുക. ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 1.30 നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.
ഡോർട്ടുമുണ്ടിന്റെ തട്ടകത്തിലാണ് ആദ്യ പാദ മത്സരം അരങ്ങേറുന്നത്. ബുണ്ടസ്ലീഗയിൽ തുടർച്ചയായ വിജയങ്ങൾ നേടി മുന്നേറുന്ന ടീമിന് ഫോമിന്റെ കാര്യത്തിൽ ആശങ്കകൾ ഒന്നുമില്ല. മുൻ നിരയിൽ യുവപ്രതിഭ യുസുഫ മോക്കോകൊ പരിക്ക് മൂലം ഉണ്ടായേക്കില്ല. എങ്കിലും കഴിഞ്ഞ സീസണിൽ അയാക്സിനായി ചാമ്പ്യൻസ് ലീഗിൽ ഗോളടിച്ചു കൂട്ടിയ സെബാസ്ട്ട്യൻ ഹാളർ എത്തുന്നത് ടീമിന് കരുത്താകും. കൂടാതെ റെയ്ന,റ്യൂസ്,കരീം അദെയെമി എന്നിവർ കൂടി ചേരുമ്പോൾ ചെൽസി പ്രതിരോധത്തിന് ശക്തമായ വെല്ലുവിളി ഉയർത്താൻ ആവും. ഇംഗ്ലീഷ് താരം ജൂഡ് ബെല്ലിങ്ഹാമിൽ തന്നെ ആവും പ്രധാന ആകർഷണം. ചെൽസി അടക്കം എല്ലാ വമ്പൻ ക്ലബ്ബുകളുടേയും നോട്ടപ്പുള്ളിയായ താരത്തിന് തിളങ്ങാനുള്ള മറ്റൊരു അവസരം കൂടിയാവും മത്സരം. പ്രീമിയർ ലീഗിലെ തിരിച്ചടികൾ മറന്നാവും ചെൽസി ചാമ്പ്യൻസ് ലീഗ് കളത്തിൽ ഇറങ്ങുക. ജനുവരിയിൽ ടീമിൽ എത്തിച്ച ജാവോ ഫെലിക്‌സ്, എൻസോ ഫെർണാണ്ടസ്, മുദ്രൈക്ക് എന്നിവർ ടീമിൽ ഉണ്ടാവും. ഔബമയങിനെ ചാമ്പ്യൻസ് ലീഗ് ടീമിൽ നിന്നും ഒഴിവാക്കിയിരുന്നു. ജാവോ ഫെലിക്‌സ് ഗോൾ കണ്ടെത്തി കഴിഞ്ഞതും എൻസോ തന്റെ ഫോം തുടരുന്നതും ടീമിന് ശുഭ സൂചനയാണ്. പോസ്റ്റിന് കീഴിൽ കെപ്പയും തിളങ്ങുന്നുണ്ട്. തുടർച്ചയായ മോശം ഫലങ്ങൾക്ക് ഇടയിൽ ഗ്രഹാം പോട്ടറിനും സംഘത്തിനും ചാമ്പ്യൻസ് ലീഗ് റിസൾട്ടുകൾ പ്രതീക്ഷിച്ച പോലെ വന്നാൽ അത് ആത്മവിശ്വാസമേകും.
ക്ലബ്ബ് ബ്രുഗ്ഗിനെ നേരിടാൻ ഒരുങ്ങുന്ന ബെൻഫിക കപ്പ് മത്സരത്തിൽ പെനാൽറ്റിയിൽ തോൽവി നേരിട്ട ശേഷമാണ് എത്തുന്നത്. എങ്കിലും ലീഗിൽ മികച്ച ഫോമിലുള്ള ടീം, നിലവിൽ ഒന്നാം സ്ഥാനത്താണ്. ജാവോ മാരിയോ, ഡേവിഡ് നേരെസ് എന്നിവർക്കൊപ്പം മുൻ നിരയിലേക്ക് പുതിയ താരം ഗോൺസാലോ ഗ്വേഡെസ് കൂടി എത്തും. പ്രതിരോധത്തിന് കരുത്തേക്കാൻ ലോക ചാമ്പ്യൻ നിക്കോളാസ് ഒട്ടാമേന്റിയും കൂടെ അലക്‌സ് ഗ്രിമാൾഡോയും എല്ലാം അണിനിരക്കുമ്പോൾ വിജയം തന്നെ ആവും ബെൻഫിക്കയുടെ ലക്ഷ്യം. ലീഗിൽ തുടർച്ചയായി സമനിലകൾ വഴങ്ങിയ ശേഷമാണ് ക്ലബ്ബ് ബ്രുഗ്ഗ് എത്തുന്നത്. ഒന്നാം സ്ഥാനക്കാരുമായി 20 പോയിന്റ് വ്യത്യാസത്തിൽ ആണവർ. എങ്കിലും ഇത്തവണ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച പ്രകടനം നടത്താൻ അവർക്കായിരുന്നു. ലെവേർകൂസൻ, പോർട്ടോ, അത്ലറ്റികോ മാഡ്രിഡ് തുടങ്ങിയ വമ്പന്മാരെ വീഴ്ത്താൻ അവർക്കായി. സ്വന്തം തട്ടകത്തിൽ ഇതേ ഫോം തുടരാൻ ലക്ഷ്യമിട്ടാവും ബെൽജിയൻ ടീം ഇറങ്ങുന്നത്.