ആശിച്ചു മോഹിച്ചിട്ടും എന്നും മാഞ്ചസ്റ്റർ സിറ്റിക്ക് കിട്ടാക്കനി ആയിട്ടുള്ള ചാമ്പ്യൻസ് ലീഗ് കിരീടത്തിന് പെപ്പും സംഘവും ഒരിക്കൽ കൂടി കച്ചകെട്ടി ഇറങ്ങുമ്പോൾ പ്രീ ക്വർട്ടറിൽ വെല്ലുവിളി ഉയർത്താൻ മുന്നിലെത്തുന്നത് ആർബി ലെപ്സീഗ്. സ്വന്തം മൈതാനത്ത് ജർമൻ ടീം സിറ്റിയെ വരവേൽക്കുമ്പോൾ മറ്റൊരു മത്സരത്തിൽ ഇന്ററിന് പോർട്ടോ ആണ് എതിരാളികൾ.
നോട്ടിങ്ഹാമുമായി സമനില വഴങ്ങിയ ശേഷമാണ് മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് മത്സരത്തിന് എത്തുന്നത്. സ്ഥിരത പുലർത്താൻ പതിവ് പോലെ സാധിക്കാതെ വരുന്നതാണ് സീസണിൽ സിറ്റിക്ക് തിരിച്ചടി ആവുന്നത്. എങ്കിലും വമ്പൻ താരങ്ങൾ നിറഞ്ഞ ടീമിന് ഇത്തവണയും തങ്ങളുടെ എക്കാലത്തെയും സ്വപ്നമായ ചാമ്പ്യൻസ് ലീഗിന് വേണ്ടി പൊരുതിയെ തീരൂ. സീസണിന്റെ ആദ്യ പാദത്തിൽ നിന്നും വ്യത്യസ്തമായി റൂബൻ ഡിയാസിനേയും ലപോർടയേയും ഗ്വാർഡിയോള കൂടുതലായി ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധത്തിന് കരുത്തു പകരും. മെഹ്റസും ഗ്രീലിഷും കൂടെ ഹാലണ്ടും കൂടി ചേരുന്ന മുന്നേറ്റ നിരക്ക് മുന്നിൽ ലെപ്സിഗിന് പിടിച്ചു നിൽക്കാൻ സാധിക്കുമോ എന്നത് കണ്ടറിയണം. കൂടെ ഡി ബ്രൂയിനും സിൽവയും ഗുണ്ടോഗനും കൂടി ആവുമ്പോൾ സിറ്റിക്ക് മറ്റ് ആധികൾ ഇല്ല. സൂപ്പർ താരം ക്രിസ്റ്റഫർ എൻകുങ്കുവിന്റെ മടങ്ങി വരവാണ് ലെപ്സിഗിൽ നിന്നുള്ള പ്രധാന വാർത്ത. കുറച്ചു കാലമായി പരിക്കിന്റെ പിടിയിൽ ആയിരുന്ന താരം വോൾഫ്‌സ്ബെഗിനെതിരെ പകരക്കാരനായി എത്തിയിരുന്നു. വെർനറും ആന്ദ്രേ സിൽവയും അടങ്ങുന്ന മുന്നേറ്റ നിരക്ക് താരത്തിന്റെ വരവ് കൂടുതൽ കരുത്തെകും. ലയ്മറും, ലോകകപ്പ് ഹീറോ ഗ്വാർഡിയോളും കൂടി ചേരുന്ന ടീമിന് സ്വന്തം തട്ടകത്തിൽ സിറ്റിയെ വീഴ്ത്താൻ കഴിഞ്ഞാലും അത്ഭുതമില്ല. ’21ൽ ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ മത്സരത്തിൽ സിറ്റിയെ വീഴ്ത്താൻ അവർക്കായിരുന്നെങ്കിലും രണ്ടാം പാദത്തിൽ ഇത്തിഹാദ് സ്റ്റേഡിയത്തിൽ മൂന്നിനെതിരെ ആറു ഗോളുകൾ നേടിയാണ് സിറ്റി മറുപടി നൽകിയത്.
തകർപ്പൻ ഫോമിലാണ് ഇന്റർ മിലാന്റെ വരവ്. സൂപ്പർ കോപ്പ നേടിയ അവർ, സീസൺ പുനരാരംഭിച്ച ശേഷം നാപോളി, മിലാൻ, അറ്റലാന്റ എന്നിവയെല്ലാം വീഴ്ത്തി. ലുക്കാകുവും ലൗട്ടരോ മർട്ടിനസും ഗോൾ കണ്ടെത്തുന്നുണ്ട്. പോർച്ചുഗലിൽ നിലവിൽ രണ്ടാം സ്ഥാനത്താണ് പോർട്ടോ. അവസാന മത്സരത്തിൽ വിജയം കാണാൻ സാധിച്ച അവർക്ക് അതിന് മുൻപ് സ്‌പോർട്ടിങ്ങിനേയും കീഴടക്കാൻ സാധിച്ചു. ഒട്ടാവിയോ, ഇവാനിൽസൻ എന്നിവർ പരിക്കിന്റെ പിടിയിൽ ആണ്. സമീപ കാലത്ത് മികച്ച റെക്കോർഡ് ആണ് പോർട്ടോക്ക് ഇറ്റാലിയൻ ടീമുകൾക്ക് എതിരെ ഉള്ളത്. അത് കൊണ്ട് തന്നെ സ്വന്തം തട്ടകത്തിൽ വൻ വിജയം ലക്ഷ്യമിട്ട് തന്നെ ആവും ഇന്റർ ഇറങ്ങുന്നത്.