ചാമ്പ്യൻസ് ലീഗ് ഒരു ക്ലാസിക്ക് പോരാട്ടത്തിനായി തയ്യാറെടുക്കുന്നു. പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിനോടേറ്റു മുട്ടുന്നു. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ലിവർപൂൾ ഗ്രൂപ്പ് സിയിൽ രണ്ടാം സ്ഥാനക്കാരായാണ് അവസാന പതിനാറിൽ കടന്നത്. അതെ സമയം ഗ്രൂപ്പ് ഇ ചാമ്പ്യന്മാരായി അപരാജിതയായിട്ടാണ് ബയേൺ മ്യൂണിക്ക് അവസാന പതിനാറിൽ എത്തിയത്.
തകർപ്പൻ ഫോമിലാണ് ജർമ്മൻകാരനായ ജാർഗൻ ക്ളോപ്പിന്റെ ലിവർപൂൾ. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെയും തകർത്ത് പോയന്റ് നിലയിൽ ഒന്നാമതാണവർ. ബുണ്ടസ് ലീഗയിൽ നിലവിലെ ചാമ്പ്യന്മാരായ ബയേൺ മൂന്നാം സ്ഥാനത്താണെങ്കിലും ചാമ്പ്യൻസ് ലീഗിലെ അയാക്സിനെതിരായ ക്ലാസിക്ക് പോരാട്ടത്തിലൂടെയും ലീഗയിലെ ഹാന്നോവറിനെതിരായ നാല് ഗോൾ ജയത്തിലൂടെയും കരുത്ത് കാട്ടിയിട്ടുണ്ട്. തുടക്കത്തിൽ കളിയിൽ ചില പാളിച്ചകൾ ഉണ്ടായെങ്കിലും നിക്കോ കൊവാച്ചിന്റെ കീഴിൽ ബവേറിയന്മാർ ശക്തമായി തിരിച്ചു വന്നിരിക്കുകയാണ്.
ഗ്രൂപ്പ് സ്റ്റേജിൽ മരണ ഗ്രൂപ്പിനെ അതിജീവിച്ച് എത്തിയ ലിവർപൂൾ ചാമ്പ്യൻസ് ലീഗിൽ മൂന്നു പരാജയങ്ങൾ എട്ടു വാങ്ങിയിട്ടുണ്ട്. റെഡ്‌സിന്റെ പരിശീലകനായ ക്ളോപ്പിനു ബയേൺ അന്യരല്ല. ബൊറൂസിയ ഡോർട്ട്മുണ്ട് പരിശീലകനായ കാലത്ത് വെംബ്ലിയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ക്ളോപ്പിന്റെ ഡോർട്ട്മുണ്ടിനെ തകർത്ത് കിരീടമുയർത്തിയത് ബയേൺ മ്യൂണിക്കാണ്. അന്ന് അർജൻ റോബന്റെ ഗോളിലാണ് ബയേൺ കിരീടമുയർത്തിയത്. ചാമ്പ്യൻസ് ലീഗിൽ ഒരു ക്ലാസിക്ക് പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്.