ചാമ്പ്യൻസ് ലീഗിൽ ജീവൻ മരണ പോരാട്ടം, ലിവർപൂൾ ബയേൺ മ്യൂണിക്കിനെതിരെ

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്ക് ലിവർപൂളിനെ നേരിടും. മ്യൂണിക്കിൽ അലയൻസ് അറീനയിൽ വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുന്നത്. ആദ്യ പാദ മത്സരം ആൻഫീൽഡിൽ വെച്ച് നടന്നപ്പോൾ ഇരു ടീമുകൾക്കും ഗോളടിക്കാൻ സാധിച്ചിരുന്നില്ല. ലിവർപൂൾ പരിശീലകൻ ജാർഗൻ ക്ളോപ്പിന്റെ ജർമനിയിലേക്കുള്ള മടങ്ങിവരവ് കൂടെയാണ് നാളത്തെ മത്സരം. ജർമ്മനിയിൽ അദ്‌ഭുതങ്ങൾ കാണിക്കാനാവും ലിവർപൂളിന്റെ ശ്രമം.

ആദ്യ പാദ മത്സരത്തിൽ നിന്നും ഇന്നത്തെ പോരാട്ടത്തിലേക്ക് എത്തുമ്പോൾ ആശ്വസിക്കാവുന്നത് ബയേണിനാണ്. എവേ ഗോൾ ആനുകൂല്യം ഇല്ലെങ്കിൽ കൂടി ആൻഫീൽഡിലെ സമനില നിക്കോ കൊവാച്ചിനും സംഘത്തിനും നൽകിയത് ജീവശ്വാസമാണ്. ബുണ്ടസ് ലീഗയിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ ബയേൺ. എതിരാളികളായ ബിറൂസിയ ഡോർട്ട്മുണ്ടിനെ പോയന്റ് നിലയിൽ ഒപ്പം പിടിക്കാനും വർക്ക് സാധിച്ചു.ഒരിടവേളക്ക് ശേഷം വീണ്ടും ബുണ്ടസ് ലീഗയിലെ ബയേണിന്റെ അപ്രമാദിത്യം കളിക്കളത്തിൽ പ്രകടമായി.

പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ഒരു പോയന്റ് പിന്നിലാണ് ലിവർപൂൾ. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും മൊഹമ്മദ് സലയുടെ മോശം ഫോമ് ടീമിന് തിരിച്ചടിയാകുന്നുണ്ട്. കഴിഞ്ഞ സീസണിലെ മിന്നും ഫോമ് ഈ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ആവർത്തിക്കാൻ അദ്ദേഹത്തിനയിട്ടില്ല. ഈ സീസണിൽ മൂന്നു ചാമ്പ്യൻസ് ലീഗ് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

പരിക്കാണ് ഇരു ടീമുകളെയും ഒരു പോലെ അലട്ടുന്ന മറ്റൊരു കാര്യം. കീറ്റയും ചേമ്പർലിനും ഗോമസും നാളെ അലയൻസിൽ ഇറങ്ങിയില്ല. ബയേണിന്റെ താരങ്ങളായ റോബനും ടോളിസോയും പരിക്കിന്റെ പിടിയിലാണ്. കിങ്സ്ലി കോമനും ഡേവിഡ് അലാബയും പരിക്കിൽ നിന്നും മുക്തരായി നാളെ ഇറങ്ങും. തോമസ് മുള്ളറും ജോഷ്വ കിമ്മിഷും സസ്‌പെൻഷനിലാണ്‌.