അത്ലെറ്റിക്കോ മാഡ്രിഡിന്റെ ചാമ്പ്യൻസ് ലീഗിന് വേണ്ടി ലിസ്ബണിലേക്ക് പോവാനിരുന്ന സംഘത്തിലെ രണ്ട് പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ശനിയാഴ്ച നടത്തിയ പരിശോധനയിലാണ് രണ്ട് സംഘാങ്ങൾക്ക് കൊറോണ പോസിറ്റീവായത്. ഇരു ക്ലബ്ബ് അംഗങ്ങളും ഇപ്പോൾ ഹോം ക്വാറന്റൈനിലാണെന്നും ക്ലബ്ബ് പുറത്ത് വിട്ട ഒഫീഷ്യൽ സ്റ്റേറ്റ്മെന്റിൽ പറയുന്നു. കൊറോണ വൈറസ് ബാധയേറ്റത് അത്ലെറ്റിക്കോ മാഡ്രിഡ് താരങ്ങളാണോ ക്ലബ്ബ് ഒഫീഷ്യൽസാണോ അതോ കോച്ചിംഗ് സ്റ്റാഫാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.
ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ പോർച്ചുഗല്ലിൽ നടക്കാനിരിക്കെയാണ് ഈ വാർത്ത പുറത്ത് വരുന്നത്. 13ആം തീയ്യതി പിഎസ്ജി – അറ്റലാന്റ മത്സരത്തോടെയാണ് ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ പോരാട്ടങ്ങൾ തുടങ്ങുക. അത്ലെറ്റിക്കോ മാഡ്രിഡിന്റെ എതിരാളികൾ ജർമ്മൻ ക്ലബ്ബായ ആർബി ലെപ്സിഗാണ്. യുവേഫയുടെ കൊറോണ ഗൈഡ്ലൈനുകൾ അനുസരിച്ചായിരിക്കും മത്സരങ്ങൾ നടക്കുക. അപ്രതീക്ഷിതമായ ഈ കൊറോണ ബാധ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിന്റെ നടത്തിപ്പിനെ കുറിച്ച് ആശങ്കകൾ ഏറുകയാണ്. ഇതേ കുറിച്ച് യുവേഫയുടെ പ്രതികരണം ഇതുവരെ വന്നിട്ടില്ല.