യുവന്റസിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ അശ്ലീല ആംഗ്യം കാണിച്ചതിന് അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ സിമിയോണിക്കെതിരെ യുവേഫ നടപടികൾ ആരംഭിച്ചു. അത്ലറ്റികോ മാഡ്രിഡ് യുവന്റസിനെതിരെ ആദ്യ ഗോൾ നേടിയതിന് ശേഷമാണ് സിമിയോണി അശ്ലീല ആംഗ്യം കാണിച്ചത്. ഇത് മോശം പെരുമാറ്റമാണെന്ന് പറഞ്ഞാണ് യുവേഫ നിയമ നടപടികൾ ആരംഭിച്ചത്. തുടർന്ന് സിമിയോണി ഈ ആംഗ്യത്തിനെതിരെ ക്ഷമ ചോദിച്ച് രംഗത്ത് എത്തിയിരുന്നു.
ആംഗ്യങ്ങൾ യുവന്റസ് ആരാധകരെ ഉദ്ദേശിച്ച് ഉള്ളതല്ലായിരുന്നെന്നും അത്ലറ്റികോ മാഡ്രിഡ് ആരാധകരോട് ആയിരുന്നെന്നും മത്സരം ശേഷം സിമിയോണി പറഞ്ഞിരുന്നു. എന്നാലും യുവേഫ സിമിയോണിക്കെതിരെ നടപടികളുമായി മുൻപോട്ട് പോവുകയായിരുന്നു. മത്സരത്തിൽ ഏക പക്ഷീയമായ രണ്ടു ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡ് യുവന്റസിനെ തോൽപ്പിച്ചിരുന്നു. യുവന്റസുമായുള്ള രണ്ടാം പാദം അടുത്ത മാസം 12ന് ടൂറിനിൽ വെച്ച് നടക്കും. ജുവന്റസ് പരിശീലകൻ അല്ലെഗ്രിക്കെതിരെയും യുവേഫ നിയമ നടപടികൾക്ക് തുടക്കമിട്ടിരുന്നു. കിക്ക് ഓഫ് സമയത്ത് ടീം ഗ്രൗണ്ടിൽ ഇറങ്ങാൻ വൈകിയതാണ് യുവന്റസ് പരിശീലകനെതിരെ നടപടി എടുക്കാൻ യുവേഫ തീരുമാനിച്ചത്.