അന്ന് കരഞ്ഞു കൊണ്ട് കളം വിട്ടു, ഇ‌ന്ന് കിരീടം ഉറപ്പിച്ച ഗോൾ, മൊഹമ്മദ് സലാ!!

- Advertisement -

കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനൽ ആരും മറക്കില്ല. അന്ന് റയൽ മാഡ്രിഡിനെതിരെ പൊരുതുന്നതിനിടെ ആദ്യ പകുതിയിൽ പരിക്കേറ്റ സലായുടെ മുഖവും. അന്ന് റാമോസ് ചെയ്ത ഒരു ഫൗളിൽ നിലത്തു വീണ സലാ കരഞ്ഞു കൊണ്ട് കളം വിടേണ്ടി വന്നു. അന്ന് റയൽ കിരീടവും ഉയർത്തി. അൻ മുതൽ ഒരുപാട് കാലം ആ പരിക്ക് വെച്ച് സലായെ പലരും വിമർശിച്ചിരുന്നു.

അന്നത്തെ വിമർശനങ്ങൾക്കും നിരാശകൾക്കും സലാ ഇന്ന് മാഡ്രിഡിൽ മറുപടി പറഞ്ഞു. ഇന്ന് തുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് ഫൈനലിന് ഇറങ്ങിയ സലാ രണ്ട് മിനുട്ടുകൾക്കുള്ളിൽ തന്നെ കളിയുടെ വിധി നിർണയിച്ചു. ലിവർപൂളിന് ലഭിച്ച പെനാൾട്ടി എല്ലാ സമ്മർദ്ദങ്ങളെയും അതിജീവിച്ച് കൊണ്ട് സലാ വലയിൽ എത്തിച്ചു. ആ ഗോൾ തന്നെ കളിയുടെ വിധി തീരുമാനിച്ച ഗോളായി മാറുകയും ചെയ്തു.

ആ ഗോളോടെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഗോൾ നേടുന്ന ആദ്യ ഈജിപ്ഷ്യൻ താരമായും സലാ മാറി. ഈ സീസണിലെയും ലിവർപൂളിന്റെ ടോപ് സ്കോറർ ആയാണ് സലാ സീസൺ അവസാനിപ്പിക്കുന്നത്. സലായുടെ കരിയറിലെ ഏറ്റവും വലിയ കിരീടം കൂടിയാണ് ഈ ചാമ്പ്യൻസ് ലീഗ്. ഒരു സീസൺ വണ്ടർ എന്ന് ഇനി ആരും സലായെ കുറിച്ച് പറയില്ല എന്ന് ഉറപ്പിച്ച സീസൺ കൂടിയായി ഇത് മാറിയിരിക്കുകയാണ്.

Advertisement