ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം പാദത്തിൽ ലിവർപൂൾ താരം മൊഹമ്മദ് സലാ കളിക്കില്ല. ബാഴ്സലോണയെ ആണ് ലിവർപൂളിന് ആൻഫീൽഡിൽ വെച്ച് നേരിടാനുള്ളത്. ആദ്യ പാദത്തിൽ നേരിട്ട 3-0ന്റെ സ്കോർ അതിജീവിച്ചാൽ മാത്രമേ ലിവർപൂളിന് ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് കടക്കാൻ പറ്റൂ. ആ അവസരത്തിലാണ് സലായുടെ പരിക്കും പ്രശ്നമാകുന്നത്. ന്യൂകാസിലിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ ആയിരുന്നു സലായ്ക്ക് പരിക്കേറ്റത്. ന്യൂകാസിൽ ഗോൾകീപ്പറുമായി കൂട്ടിയിടിച്ച സലായുടെ തലയ്ക്കാണ് പരിക്കേറ്റത്.
തലയ്ക്ക് പരിക്കേറ്റ സലായെ കളിപ്പിക്കണ്ട എന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. ചുരുങ്ങുയത് ആറ് ദിവസം എങ്കിലും സലാ കളിക്കരുത് എന്ന് ലിവർപൂളിന് മെഡിക്കൽ വിഭാഗം നിർദേശം നൽകിയതായാണ് വിവരം. ഇതോടെയാണ് ബാഴ്സക്കെതിരായി സലാ കളിക്കില്ല എന്ന് ഉറപ്പായത്. എന്നാൽ പ്രീമിയർ ലീഗിലെ അവസാന ദിവസം വോൾവ്സിനെതിരെ സലാ കളിക്കാൻ സാധ്യതയുണ്ട്.