റൊണാൾഡോ യുവന്റസിലേക്ക് വന്നത് തന്നെ അവർക്ക് ചാമ്പ്യൻസ് ലീഗ് കിരീടം വാങ്ങിക്കൊടുക്കുക എന്ന ലക്ഷ്യത്തിൽ ആയിരുന്നു. പക്ഷെ റൊണാൾഡോ ഒറ്റയ്ക്ക് വിചാരിച്ചാൽ നടക്കുന്ന ഒന്നല്ല അതെന്ന് ഇന്നലെ അയാക്സിനെതിരെ റൊണാൾഡോയ്ക്ക് തന്നെ അത് മനസ്സിലായി. രണ്ട് പാദങ്ങളിലും റൊണാൾഡോ സ്കോർ ചെയ്തിട്ടും അയാക്സിനെ തോൽപ്പിക്കാൻ യുവന്റസിനായിരുന്നില്ല..
ക്വാർട്ടറിൽ യുവന്റസ് പുറത്തായതോടെ റൊണാൾഡോ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ കാണില്ല എന്ന് ഉറപ്പായി. 2009-10 സീസണു ശേഷം ആദ്യമായിട്ടാണ് ക്രിസ്റ്റ്യാനോ ഇല്ലാത്ത ഒരു ചാമ്പ്യൻസ് ലീഗ് സെമി നടക്കുന്നത്. അവസാന ഒമ്പതു സീസണിലും റൊണാൾഡോ സെമി ഫൈനലിൽ ഉണ്ടായിരുന്നു. 2015ന് ശേഷം എല്ലാ സീസണിലും ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയ താരമാണ് റൊണാൾഡോ. അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടമുള്ള റൊണാൾഡോ തന്റെ ആറാം കിരീടത്തിനായി അടുത്ത വർഷം വരെയെങ്കിലും കാത്തിരിക്കേണ്ടി വരും എന്ന് ഇതോടെ ഉറപ്പായി.