ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഈ ലോകത്തെ ഏറ്റവും മികച്ച രണ്ടു ഫുട്ബോൾ താരങ്ങളിൽ ഒന്നായ താരത്തിന്റെ അഭാവം റയൽ മാഡ്രിഡിനെ തെല്ലൊന്നുമല്ല ബാധിച്ചിരിക്കുന്നത്. ഈ സീസൺ തുടക്കം മുതൽ റൊണാൾഡോയുടെ അഭാവം റയൽ മാഡ്രിഡിൽ നിഴലിക്കുന്നുണ്ടായിരുന്നു എങ്കിലും ഇന്നലയോടെ അത് പൂർണ്ണമായും വ്യക്തമായിരിക്കുകയാണ്. ഇന്നലെ സ്വന്തം ഗ്രൗണ്ടിൽ ഒന്നിനെതിരെ നാലു ഗോളുകളുടെ പരാജയം ഏറ്റുവാങ്ങി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ കാണാതെ റയൽ മാഡ്രിഡ് പുറത്ത് പോവുകയായിരുന്നു.
ഒമ്പതു സീസണുകൾക്ക് ശേഷമാണ് റയൽ പ്രീക്വാർട്ടർ കടക്കാത്ത ഒരു ചാമ്പ്യൻസ് ലീഗ് നടക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഡ്രിഡിലെ ആദ്യ സീസണിൽ ആയിരുന്നു റയൽ അവസാനമായി പ്രീക്വാർട്ടറിൽ വീണത്. ക്രിസ്റ്റ്യാനോ റൊണാൾഡോ വരും മുമ്പുള്ള അഞ്ച് സീസണുകളിലും റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ തന്നെ വീണിരുന്നു. റൊണാൾഡോ വന്നതോടെയാണ് കാര്യങ്ങൾ മാറിയത്.
റൊണാൾഡോയുടെ രണ്ടാം സീസൺ മുതൽ ഇങ്ങോട്ട് എട്ട് സീസണുകൾ. അതിൽ നാല് സീസണുകളിൽ ചാമ്പ്യൻസ് ലീഗ് കിരീടം.ബാക്കി നാല് സീസണുകളിൽ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലുകൾ. റൊണാൾഡോ മാഡ്രിഡിൽ ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ഇഷ്ട ടൂർണമെന്റായിരുന്നു ചാമ്പ്യൻസ് ലീഗ്. ചാമ്പ്യൻസ് ലീഗിലെ എല്ലാ ഗോൾ സ്കോറിംഗ് റെക്കോർഡുകളും മാഡ്രിഡിനൊപ്പം ചേർന്ന് റൊണാൾഡോ തകർത്തിരുന്നു.
എന്നാൽ റൊണാൾഡോ ക്ലബ് വിട്ടതോടെ റയലിന്റെ ചാമ്പ്യൻസ് ലീഗിലെ മികച്ച കുതിപ്പുകൾക്ക് അവസാനമായി. കഴിഞ്ഞ മൂന്ന് സീസണിലും കിരീടം നേടിയ റയൽ മാഡ്രിഡ് നാണം കെട്ടു തന്നെ പ്രീക്വാർട്ടറിൽ പുറത്താവുകയും ചെയ്തു. റയൽ മാഡ്രിഡ് വിട്ട ക്രിസ്റ്റ്യാനോയ്ക്കും ചാമ്പ്യൻസ് ലീഗിൽ അത്ര മികച്ച കാലമല്ല. അത്ലറ്റിക്കോ മാഡ്രിഡിനോട് ആദ്യ പാദത്തിൽ പരാജയപ്പെട്ട റൊണാൾഡോയുടെ ടീമായ യുവന്റസ് ഇനി അത്ഭുതങ്ങൾ കാണിക്കേണ്ടി വരും ക്വാർട്ടറിൽ എത്താൻ.