റയലിന്റെ മാഡ്രിഡ് കീഴടക്കി പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി!!

- Advertisement -

ചാമ്പ്യൻസ് ലീഗിന്റെ വലിയ രാത്രിയിൽ മാഡ്രിഡിലെ ബെർണബെവുവിൽ അണിനിരന്ന ആയിരങ്ങളെ നിശ്ബദരാക്കി കൊണ്ട് പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി വിജയക്കൊടി പറത്തിയിരിക്കുകയാണ്. പ്രീക്വാർട്ടറിന്റെ ആദ്യ പാദത്തിൽ റയലിന് കിട്ടിയ അടി ചെറുത് ഒന്നുമല്ല. 78ആം മിനുട്ട് വരെ ഒരു ഗോളിന് മുന്നിൽ ആയിരുന്നു സിദാന്റെ ടീം. പക്ഷെ പിന്നീട് കളി ആകെ മാറിമറഞ്ഞു. 2-1ന്റെ പരാജയവും ഒപ്പം ക്യാപ്റ്റൻ റാമോസിന് ചുവപ്പും ആണ് റയലിന് അവസാന നിമിഷങ്ങളിൽ ലഭിച്ചത്.

ഡിഫൻസീവ് മെന്റാലിറ്റിയിൽ ആയിരുന്നു മാഞ്ചസ്റ്റർ സിറ്റി ഇന്ന് കളി തുടങ്ങിയത്. പക്ഷെ എന്നിട്ടും അവസരങ്ങൾ കൂടുതൽ ലഭിച്ചത് സിറ്റിക്ക് ആയിരുന്നു. ആദ്യ പകുതിയിൽ ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ 60ആം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ പിറന്നത്. വിനീഷ്യസിന്റെ പാസിൽ നിന്ന് ഇസ്കോയുടെ ഗോൾ. ആ ഗോൾ മതിയാകും വിജയിക്കാൻ എന്ന് കരുതിയ റയലിന് ആകെ തെറ്റി.

സ്റ്റെർലിംഗിന്റെ സബ്ബായുള്ള വരവ് കളി മാറ്റി. 78ആം മിനുട്ടിൽ ജീസുസിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില ഗോൾ നേടി. പിന്നാലെ 83ആം മിനുട്ടിൽ ഒരു പെനാൾട്ടി. അത് ലക്ഷ്യത്തിൽ എത്തിച്ച് ഡിബ്രുയിൻ സിറ്റിയെ സ്വപ്നലോകത്തിൽ എത്തിച്ചു. പരാജയപ്പെടുകയാണെന്ന് ക്ഷീണത്തിൽ നിൽക്കുകയായിരുന്ന റയലിന് വീണ്ടും വേദന നൽകി 88ആം മിനുട്ടിൽ ക്യാപ്റ്റൻ റാമോസ് ചുവപ്പ് കണ്ട് പുറത്താവുകയും ചെയ്തു.

ചരിത്രത്തിൽ ആദ്യമായാണ് റയൽ മാഡ്രിഡിനെ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തുന്നത്. മാഞ്ചസ്റ്ററിൽ നടക്കുന്ന രണ്ടാം പാദത്തിൽ ഈ മികവ് തുടർന്ന് ക്വാർട്ടറിലേക്ക് മുന്നേറുക ആകും ഇനി പെപ് ഗ്വാർഡിയോളയുടെ ലക്ഷ്യം.

Advertisement