യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ഒരിക്കൽ കൂടെ റയൽ മാഡ്രിഡ് ക്ലബിന് സ്വന്തം. ഇന്ന് വെംബ്ലിയിൽ നടന്ന മത്സരത്തിൽ ബൊറൂസിയ ഡോർട്മുണ്ടിനെ തോൽപ്പിച്ച് ആണ് റയൽ മാഡ്രിഡ് 15ആം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ എത്തിയത്. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.
ഇന്ന് മികച്ച രീതിയിൽ മത്സരം ആരംഭിച്ചത് ബൊറൂസിയ ഡോർട്മുണ്ട് ആയിരുന്നു. ആദ്യ പകുതിയിൽ അവർ നിരവധി അവസരങ്ങൾ ആണ് സൃഷ്ടിച്ചത്. എന്നാൽ ഒന്നു പോലും ഗോളാക്കി മാറ്റാൻ അവർക്ക് ആയില്ല. അദ്യെമിക്കും ഫുൾക്രെഗിനും മികച്ച അവസരങ്ങൾ ആണ് മുന്നിൽ വന്നത്. ഫുൾക്രഗിന്റെ ഒരു ഗോൾ ശ്രമം പോസ്റ്റിൽ തട്ടിയും മടങ്ങി. ആദ്യ പകുതി ഗോൾ രഹിതമായി തുടർന്നു.
രണ്ടാം പകുതിയിൽ റയൽ മാഡ്രിഡിന്റെ പ്രകടനങ്ങൾ മെച്ചപ്പെട്ടു. അവർ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 74ആം മിനുട്ടിൽ അവർ ലീഡ് എടുത്തു. ക്രൂസിന്റെ ഒരു കോർണറിൽ നിന്ന് ഒരു ഹെഡറിലൂടെ ആണ് റയൽ മാഡ്രിഡ് ലീഡ് എടുത്തത്.
ഇതിന് ശേഷം റയൽ മാഡ്രിഡിന്റെ സമ്പൂർണ്ണ ആധിപത്യമായിരുന്നു. അവർ ഒന്നിനു പിറകെ ഒന്നായി അവസരങ്ങൾ സൃഷ്ടിച്ചു. 83ആം മിനുട്ടിൽ ജൂഡ് ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്ന് വിനീഷ്യസ് ജൂണിയർ റയലിന്റെ രണ്ടാം ഗോൾ നേടി.
ഈ ഗോൾ മതിയായി അവർക്ക് വിജയം ഉറപ്പിക്കാൻ. റയൽ മാഡ്രിഡിന്റെ 15ആം ചാമ്പ്യൻസ് കീഗ് കിരീടമാണിത്. പരിശീലകൻ ആഞ്ചലോട്ടിയുടെ അഞ്ചാം ചാമ്പ്യൻസ് ലീഗ് കിരീടവുമാണിത്.