മാഞ്ചസ്റ്ററിൽ വന്ന് സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ്!! ചാമ്പ്യൻസ് ലീഗ് സെമിയിൽ

Newsroom

Picsart 24 04 18 01 45 44 969
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്ററിൽ ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പെനാൾട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് റയൽ മാഡ്രിഡ് സെമി ഫൈനലിലേക്ക് മുന്നേറി. നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും 1-1 എന്നായിരുന്നു സ്കോർ‌. ആദ്യ പാദത്തിൽ ഇരുവരും 3-3 എന്ന സമനിലയിലും ആയിരുന്നു. അഗ്രിഗേറ്റ് സ്കോർ 4-4ൽ നിന്നതോടെ ആണ് കളി ഷൂട്ടൗട്ടിൽ എത്തിയത്. ഷൂട്ടൗട്ടിൽ റയൽ മാഡ്രിഡ് 4-3ന് വിജയിച്ചു.

റയൽ മാഞ്ചസ്റ്റർ സിറ്റി 24 04 18 01 46 16 552

ഇന്ന് കൃത്യമായ ടാക്റ്റിക്സുമായായിരുന്നു ആഞ്ചലോട്ടിയുടെ റയൽ മാഡ്രിഡ് ഇറങ്ങിയത്. അവർ കൗണ്ടർ അറ്റാക്കിൽ ഊന്നിയാണ് കളിച്ചത്. 12ആം മിനുട്ടിൽ റോഡ്രിഗോയിലൂടെ റയൽ മുന്നിൽ എത്തി. വിനീഷ്യസിന്റെ പാസിൽ നിന്ന് റോഡ്രിഗോയുടെ ആദ്യ ഷോട്ട് എഡേഴ്സൺ തടഞ്ഞു എങ്കിലും റീബൗണ്ടിൽ റോഡ്രിഗോ പന്ത് വലയിൽ എത്തിച്ചു. സ്കോർ 1-0. അഗ്രിഗേറ്റിൽ റയൽ 4-3ന് മുന്നിൽ.

ഈ ഗോളിനു ശേഷം തീർത്തും സിറ്റിയുടെ ആധിപത്യമാണ് കണ്ടത്. എന്നാൽ റയലിന്റെ ഡിഫൻസിന് സിറ്റിക്ക് മുന്നിൽ ശക്തമായി പിടിച്ചു നിന്നു. രണ്ടാം പകുതിയിൽ 76ആം മിനുട്ടിൽ ഡി ബ്രുയിനെയിലൂടെ മാഞ്ചസ്റ്റർ സിറ്റി സമനില പിടിച്ചു. ഡോകു നൽകിയ അസിസ്റ്റിൽ നിന്നായിരുന്നു ആയുരുന്നു ഡിബ്രിയിനെയുടെ ഗോൾ.

81ആം മിനുട്ടിൽ കെ ഡി ബിക്ക് ലീഡ് എടുക്കാനായി ഒരു നല്ല അവസരം കിട്ടി. പക്ഷെ ഷോട്ട് ടാർഗറ്റിലേക്ക് പോയില്ല. 90 മിനുട്ട് കഴിഞ്ഞും സമനില തുടർന്നു. കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.

Picsart 24 04 18 02 48 24 454

എക്സ്ട്രാ ടൈമിൽ 30 മിനുട്ട് കൂടെ കളിച്ചിട്ടും കാര്യങ്ങൾ മാറിയില്ല. സ്കോർ 1-1 എന്ന് തുടർന്നു. കളി പെനാൾട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. സിറ്റിയുടെ ആദ്യ കിക്ക് എടുത്ത ഹൂലിയൻ ആൽവരസ് കിക്ക് ലക്ഷ്യത്തിൽ എത്തിച്ചു. എന്നാൽ റയലിനായി ആദ്യ കിക്ക് എടുക്കാൻ വന്ന മോഡ്രിചിന്റെ ഷോട്ട് എഡേഴ്സൺ തടഞ്ഞു‌.

സിറ്റിക്കായി രണ്ടാം കിക്ക് എടുത്ത ബെർണാഡോയുടെ ഷോട്ട് നേരെ ലുനിന്റെ കയ്യിൽ. പിറകെ വന്ന ബെല്ലിങ്ഹാം റയലിനായി പന്ത് ലക്ഷ്യത്തിൽ എത്തിച്ചതോടെ സ്കോർ 1-1 എന്നായി. കൊവചിച് ആണ് സിറ്റിക്ക് ആയി മൂന്നാം കിക്ക് എടുത്തത്. ആ കിക്കും ലുനിൻ തടഞ്ഞു. വാസ്കസ് റയലിനായി സ്കോർ ചെയ്തു. 2-1ന് റയൽ മുന്നിൽ.

Picsart 24 04 18 03 15 43 550

സിറ്റിയുടെ നാലാം കിക്ക് ഫോഡൻ ലക്ഷ്യത്തിൽ എത്തിച്ചു. നാചോ റയലിനായും സ്കോർ ചെയ്തു. 3-2ന് റയൽ മുന്നിൽ. സിറ്റിക്ക് ആയി എഡേഴ്സൺ ആണ് അഞ്ചാം കിക്ക് എടുത്തത്. അത് വലയിൽ. റയലിനായി അഞ്ചാം കിക്ക് എടുക്കാൻ എത്തിയത് റുദിഗർ. കിക്ക് വലയിൽ എത്തിയാൽ വിജയം. സമ്മർദ്ദത്തിൽ തളരാതെ റുദിഗർ റയലിനെ സെമിയിലേക്ക് എത്തിച്ചു.

സെമി ഫൈനലിൽ ഇനി റയൽ ബയേണെ ആകും നേരിടുക. ആഴ്സണലിനെ തോൽപ്പിച്ച് ആണ് ബയേൺ സെമിയിൽ എത്തിയത്. മറ്റൊരു സെമിയിൽ പി എസ് ജി ഡോർട്മുണ്ടിനെയും നേരിടും.