ഇന്ന് ആദ്യ സെമി, റയൽ മാഡ്രിഡ് ഇന്ന് ചെൽസിക്ക് എതിരെ

Img 20210124 085532

യുവേഫ ചാമ്പ്യൻസ് ലീഗിലെ ആദ്യ സെമി ഫൈനലിൽ ഇന്ന് യൂറോപ്പിലെ രണ്ട് വലിയ ശക്തികൾ നേർക്കുനേർ വരികയാണ്. ഇന്ന് മാഡ്രിഡിൽ നടക്കുന്ന മത്സരത്തിൽ റയൽ മാഡ്രിഡ് ചെൽസിയെ നേരിടും. ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ടീമുകളാണ് രണ്ടും. ലാലിഗയിൽ നിരാശ നിറഞ്ഞ ഗോൾ രഹിത സമനില നേടിക്കൊണ്ടാണ് റയൽ മാഡ്രിഡ് ഇന്ന് സെമി ഫൈനലിലേക്ക് വരുന്നത്. അവസാന നാലു മത്സരങ്ങൾക്ക് ഇടയിൽ മൂന്ന് ഗോൾരഹിത സമനില വഴങ്ങിയത് റയൽ ആരാധകർക്ക് ആശങ്ക നൽകുന്നുണ്ട്‌.

എന്നാലും അവസാന 17 മത്സരങ്ങളായി പരാജയം അറിയാത്ത ടീമാണ് റയൽ മാഡ്രിഡ്. ക്വാർട്ടർ ഫൈനൽ ലിവർപൂളിനെ മറികടന്നാണ് സിദാന്റെ ടീം സെമിയിലേക്ക് വരുന്നത്. ഒരു ഇംഗ്ലീഷ് ടീമിനെ കൂടെ മറികടക്കാൻ ആകും എന്ന് സിദാൻ വിശ്വസിക്കുന്നു. ചെൽസി ലീഗിൽ വെസ്റ്റ് ഹാമിനെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ആണ് വരുന്നത്. ടൂഹൽ വന്ന ശേഷം മികച്ച ഫോമിലാണ് ചെൽസി കളിക്കുന്നത്. ക്വാർട്ടറിൽ പോർട്ടോയെ ആയിരുന്നു ചെൽസി മറികടന്നത്.

2014നു ശേഷം ചെൽസിയുടെ ആദ്യ ചാമ്പ്യൻസ് ലീഗ്സെമി ഫൈനലാണിത്. മുൻ ചെൽസി താരം ഹസാർഡ് ഇന്ന് ചെൽസിക്ക് എതിരെ ആദ്യമായി ഇറങ്ങിയേക്കും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.