ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ചെൽസിക്ക് മുൻതൂക്കം

Pulisic Chelsea Tuchel Champions League

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ചെൽസിക്ക് മുൻ‌തൂക്കം. റയൽ മാഡ്രിഡിന്റെ സ്വന്തം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ചെൽസി അവരെ 1-1ന് സമനിലയിൽ തളക്കുകയായിരുന്നു. റയൽ മാഡ്രിഡിന്റെ ഗ്രൗണ്ടിൽ നേടിയ എവേ ഗോൾ രണ്ടാം പാദത്തിൽ ചെൽസിക്ക് മുൻതൂക്കം നൽകും. മത്സരത്തിന്റെ തുടക്കം മുതൽ റയൽ മാഡ്രിഡിനെ കവച്ചുവെക്കുന്ന പ്രകടനമാണ് ചെൽസി നടത്തിയത്. ഒന്നിന് പിറകെ ഒന്നായി ചെൽസി അവസരങ്ങൾ സൃഷ്ട്ടിക്കുകയും ചെയ്തു. തുടക്കത്തിൽ ചെൽസി താരം ടിമോ വെർണറിന് ഗോൾ കീപ്പർ മാത്രം മുൻപിൽ നിൽക്കേ അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ശ്രമം ഗോൾ കീപ്പർ തിബോ ക്വർട്ട രക്ഷപെടുത്തുകയും ചെയ്തു.

എന്നാൽ അധികം വൈകാതെ ചെൽസി മത്സരത്തിൽ മുൻപിലെത്തി. പ്രതിരോധ താരം റുഡിഗറിന്റെ പാസിൽ നിന്ന് റയൽ മാഡ്രിഡ് ഗോൾ കീപ്പറെ അനായാസം മറികടന്ന് പുലിസിച്ചാണ് ചെൽസിക്ക് വേണ്ടി ഗോൾ നേടിയത്. എന്നാൽ അധികം താമസിയാതെ തന്നെ ബെൻസേമ റയൽ മാഡ്രിഡിന് സമനില നേടിക്കൊടുത്തു. ബോക്സിലേക്ക് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ചെൽസി പ്രതിരോധം വരുത്തിയപിഴവ് മുതലെടുത്താണ് ബെൻസേമ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ഇരു ടീമുകളും സൂക്ഷമതയോടെ കളിച്ചതോടെ മത്സരത്തിൽ ഇരു ടീമുകൾക്കും അവസരങ്ങൾ കുറയുകയും ചെയ്തു. രണ്ടാം പകുതിയിൽ പകരക്കാരുടെ ബെഞ്ചിൽ നിന്ന് മുൻ ചെൽസി താരം ഹസാർഡിനെ റയൽ മാഡ്രിഡ് ഇറക്കിയെങ്കിലും കൂടുതൽ ഗോൾ വഴങ്ങാതെ ചെൽസി പ്രതിരോധം പിടിച്ചുനിന്നു.