ചാമ്പ്യൻസ് ലീഗിന്റെ രണ്ടാം ദിനത്തിൽ ഇന്ന് കഴിഞ്ഞ തവണത്തെ ജേതാക്കളായ റയൽ മാഡ്രിഡ് റഷ്യയിൽ നിന്നുള്ള സി.എസ്.കെ.എ മോസ്കൊയെ നേരിടും. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ശക്തരായ റോമായെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചാണ് റയൽ മാഡ്രിഡ് വരുന്നത്. അതെ സമയം കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിക്റ്റോറ പ്ലസിനോട് ഇഞ്ചുറി ടൈമിൽ സമനില പിടിച്ചാണ് സി.എസ്.കെ.എ മോസ്കൊ ഇറങ്ങുന്നത്.
ആദ്യ മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കിയെങ്കിലും പ്രമുഖരില്ലാതെയാണ് റയൽ മാഡ്രിഡ് റഷ്യയിൽ എത്തുന്നത്. അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരത്തിൽ പരിക്കേറ്റ ഗാരെത് ബെയ്‌ലും സെർജിയോ റാമോസും ടീമിനൊപ്പം യാത്ര ചെയ്തിട്ടില്ല. ഇവരെ കൂടാതെ അത്ലറ്റികോ മാഡ്രിഡിനെതിരായ മത്സരം നഷ്ട്ടമായ മാഴ്‌സെലോയും ഇസ്കോയും ഇന്ന് കളിക്കാനുണ്ടാവില്ല.
നേരത്തെ സി.എസ്.കെ.എ മോസ്കൊ റഷ്യയിൽ റയൽ മാഡ്രിഡിനെ നേരിട്ടപ്പോൾ മത്സരം 1-1ന് സമനിലയിൽ അവസാനിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടു മത്സരത്തിൽ ഗോൾ റയൽ മാഡ്രിഡ് ഗോൾ നേടിയില്ലെന്ന് ഉള്ളതും റഷ്യൻ ടീമിന് ആത്മവിശ്വാസം നൽകും. സി.എസ.കെ.എ നിരയിൽ പരിക്കേറ്റ ആബേൽ ഹെർണാഡസ് ഇന്ന് ഇറങ്ങില്ല.