ചാമ്പ്യൻസ് ലീഗ് രാത്രികൾ തിരിച്ചെത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് ചാമ്പ്യൻസ് ലീഗ് പോരാട്ടം പുനരാരംഭിക്കും. ഇന്ന് മാഞ്ചസ്റ്ററിൽ വെച്ച് നടക്കുന്ന പ്രീക്വാർട്ടർ പോരിന്റെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡിനെ നേരിടും. ആദ്യ പാദത്തിൽ മാഡ്രിഡിൽ ചെന്ന് സിദാന്റെ ടീമിനെ തോൽപ്പിക്കാൻ സിറ്റിക്ക് ആയിരുന്നു. അന്ന് 2-1 എന്ന സ്കോറിനായിരുന്നു സിറ്റിയുടെ വിജയം. ഇന്ന് ആ സ്കോർ മറികടന്നാലെ റയലിന് ക്വാർട്ടർ കാണാൻ ആവുകയുള്ളൂ.
രണ്ട് എവേ ഗോളുകൾ സ്ജോർ ചെയ്തു എന്നതും സിറ്റിയുടെ ആത്മവിശ്വാസം കൂട്ടും. എന്നാൽ സിറ്റി തോൽപ്പിക്കുമ്പോൾ ഉള്ള റയൽ അല്ല ഇപ്പോഴത്തെ റയൽ. അപരാജിത കുതിപ്പ് നടത്തി ലാലിഗ കിരീടവും ഉയർത്തിയാണ് ഇപ്പോൾ റയൽ വരുന്നത്. അവരുടെ ഏറ്റവും മികച്ച ഫോമിലാണ് റയൽ ഉള്ളത്. ക്യാപ്റ്റൻ റാമോസ് സസ്പെൻഷൻ കാരണം പുറത്താണ് എന്നത് മാത്രമാണ് റയലിന്റെ ആശങ്ക. ബെയ്ല്, റോഡ്രിഗസ് എന്നിവരും റയൽ നിരയിൽ ഇല്ല.
മാഞ്ചസ്റ്റർ സിറ്റിയും മികച്ച ഫോമിലാണ്. സിറ്റി ഇതുവരെ നേടാത്ത കിരീടമാണ് ചാമ്പ്യൻസ് ലീഗ്. അതുകൊണ്ട് അവർ എല്ലാം നൽകി പോരാടും. അഗ്വേറോയുടെ അഭാവം സിറ്റിയിൽ ഉണ്ട്. എന്നാൽ മികച്ച ഫോമിൽ ഉള്ള സ്റ്റെർലിംഗ്, ഡി ബ്രുയിൻ എന്നിവർ സിറ്റിക്ക് കരുത്തായുണ്ട്. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.