ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ റയൽ മാഡ്രിഡ് ഡച്ച് ക്ലബ് അയാക്സിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ അസെൻസിയോ നേടിയ ഗോളിൽ ആണ് റയൽ അയാക്സിനെ മറികടന്നത്. എന്നാൽ വിജയത്തിലും കല്ലുകടിയായി മാറിയിരിക്കുകയാണ് ക്യാപ്റ്റൻ സെർജിയോ റാമോസ് നേരിടാൻ ഇരിക്കുന്ന യുവേഫയുടെ വിലക്ക്.
ചാമ്പ്യൻസ് ലീഗിലെ രണ്ടാം മഞ്ഞകാർഡ് ഇന്നലെ റാമോസ് നേടിയിരുന്നു. അതനുസരിച്ച് അയാക്സുമായി നടക്കുന്ന അടുത്ത മത്സരം താരത്തിന് നഷ്ടമാകും. എന്നാൽ റാമോസ് മത്സരത്തിന് ശേഷം നടത്തിയ പ്രസ്താവനയാണ് താരത്തിന് പണിയായിരുക്കുന്നത്.
“മത്സരത്തിന്റെ റിസൾട്ട് മുന്നിൽ കണ്ടു കൊണ്ടാണ് അങ്ങനെ ഒരു പ്രവർത്തി ഞാൻ ചെയ്തത്, എല്ലാം എന്റെ മനസിൽ ഉണ്ടായിരുന്നു” റാമോസ് മല്സരത്തിനു ശേഷം പറഞ്ഞു. ഇതിനു മേൽ യുവേഫ അന്വേഷണത്തെ നടത്താൻ ഇരിക്കുകയാണ്. അന്വേഷണത്തിൽ റാമോസ് കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയാൽ റാമോസിന് ലഭിക്കുന്ന മത്സര വിലക്കുകളുടെ എണ്ണം കൂടും എന്നുറപ്പാണ്.