ചാമ്പ്യൻസ് ലീഗിൽ ശക്തറിനെതിരായ മത്സരത്തിൽ പെനാൽറ്റി നേടിയെടുത്തതുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ആരാധകരോട് മാപ്പ് പറഞ്ഞ് മാഞ്ചസ്റ്റർ സിറ്റി താരം റഹിം സ്റ്റെർലിങ്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0ന് മുന്നിട്ടു നിൽക്കുന്ന സമയത്ത് മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റിയാണ് വിവാദമായത്.
മത്സരത്തിൽ റഹിം സ്റ്റെർലിങ് ശക്തർ ബോക്സിലേക്ക് മുന്നേറിയ സമയത്ത് റഹിം സ്റ്റെർലിങ് നിലത്ത് വീഴുകയും റഫറി പെനാൽറ്റി വിധിക്കുകയുമായിരുന്നു. എന്നാൽ തൊട്ടടുത്തുണ്ടായിരുന്ന ശ്കതർ താരം മാറ്റ്വെയ്‌ൻകോ സ്റ്റെർലിംഗിനെ തൊടുക പോലും ചെയ്തിരുന്നില്ല. ഇതറിയാതെയാണ് റഫറി മാഞ്ചസ്റ്റർ സിറ്റിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. താൻ പന്ത് ചിപ്പ് ചെയ്യുന്നതിനിടെ ഗ്രൗണ്ടിൽ തട്ടിയാണ് വീണതെന്നും സ്റ്റെർലിങ് വ്യക്തമാക്കി.
ശക്തർ താരങ്ങൾ പെനാൽറ്റിക്കെതിരെ വാദിച്ചെങ്കിലും റഫറി തന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. റഹീം സ്റ്റെർലിങ് പെനാൽറ്റിക്കായി വാദിച്ചില്ലെങ്കിലും റഫറിയുടെ തീരുമാനത്തെ തിരുത്താനും ശ്രമിച്ചിരുന്നില്ല. ഇതിനു പിന്നാലെയാണ് ശക്തർ ആരാധകരോടും റഫറിയോടും മാപ്പ് പറഞ്ഞ് സ്റ്റെർലിങ് രംഗത്തെത്തിയത്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ 6 ഗോളുകൾക്ക് ജയിച്ചതുകൊണ്ട് തന്നെ റഫറിയുടെ തീരുമാനം കൂടുതൽ വിമർശനങ്ങൾക്ക് വിധേയമായതും ഇല്ല.