ചാമ്പ്യൻസ് ലീഗിലെ ടോട്ടൻഹാമിന്റെ നോക്കൗട്ട് പ്രതീക്ഷക്ക് വൻ തിരിച്ചടി. ഇന്ന് ഗ്രൂപ്പിലെ മൂന്നാം മത്സരത്തിൽ പി എസ് വി ഐന്തോവനെ നേരിട്ട ടോട്ടൻഹാം സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2-1 എന്ന നിലയിൽ വിജയിച്ചു നിൽക്കെ ഗോൾകീപ്പർ ലോരിസ് ചുവപ്പ് കണ്ട് കളം വിട്ടതാണ് ടോട്ടൻഹാമിന്റെ താളം തെറ്റിച്ചത്.
തുടക്കത്തിൽ ഡച്ച് ടീമായ പി എസ് വി മെക്സിക്കൻ താരം ലൊസാനോയിലൂടെ ലീഡ് എടുത്തതായിരുന്നു. അത് ഒരുഗ്രൻ തിരിച്ചുവരവിലൂടെ ആണ് സ്പർസ് മറികടന്നത്. 39ആം മിനുട്ടിൽ ലുകാസ് മോറയിൽ 55ആം മിനുട്ടിൽ കെയ്നും വലകുലുക്കി സ്കോർ 2-1 എന്നാക്കിയപ്പോൾ ചാമ്പ്യൻസ് ലീഗിലെ ആദ്യ ജയം വരികയാണെന്ന് സ്പർസിനു തോന്നി.
പക്ഷെ എല്ലാം ലോരിസിന്റെ ഒരു നിമിഷത്തെ അബദ്ധത്തിൽ അവസാനിച്ചു. 79ആം മിനുട്ടിൽ ടു ഫൂട്ടഡ് ചലഞ്ചിലൂടെ ലൊസാനോയെ വീഴ്ത്തിയതിനാണ് ലോരിസിന് ചുവപ്പ് കിട്ടിയത്. ലോരിസ് പോയി പത്തുപേരായി ചുരുങ്ങിയ സ്പർസിനെതിരെ 86ആം മിനുട്ടിൽ പി എസ് വി സമനില പിടിച്ചു. ക്യാപ്റ്റൻ ഡി യോങ് ആയിരുന്നു സമനില ഗോൾ നേടിയത്. കളി 2-2 എന്ന നിലയിൽ അവസാനിക്കുകയും ചെയ്തു.
ഗ്രൂപ്പിൽ മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഒരു പോയന്റ് മാത്രമെ പി എസ് വിക്കും ടോട്ടൻഹാമിനും ഉള്ളൂ. ഇന്റർ മിലാനും ബാഴ്സയും ആറു പോയന്റുകളുമായി ആദ്യ സ്ഥാനങ്ങളിൽ ഉണ്ട്.