പി എസ് ജി ഇത്ര വലിയ ടീമാണെങ്കിലും പലരും ഇപ്പോഴും അവരെ യൂറോപ്പിലെ വൻ ക്ലബുകൾക്ക് ഒപ്പം ചേർക്കുന്നില്ല. എന്നാൽ ഈ ചർച്ചയ്ക്ക് ഇന്നത്തെ ഫൈനലിലെ ഫലം മറുപടി പറയും എന്ന് എമ്പപ്പെ പറഞ്ഞു. ഇന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയേണിനെ നേരിടാൻ ഇരിക്കുകയാണ് പി എസ് ജി. ഇന്ന് വിജയിച്ചാൽ യൂറോപ്പിലെ വലിയവർ എന്ന് പറയുന്നവർക്ക് ഒപ്പം പി എസ് ജിയുടെ പേരും ചേർക്കേണ്ടി വരും എന്ന് എമ്പപ്പെ പറഞ്ഞു. ഇന്ന് വിജയിക്കുക ആണ് തങ്ങളുടെ ഉത്തരവാദിത്വം. ബാക്കി ചർച്ചകൾ മറ്റുള്ളവരാണ് നടത്തേണ്ടത് എന്നും എമ്പപ്പെ പറഞ്ഞു.
പി എസ് ജിയുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണിത്. താൻ ക്ലബിൽ എത്തിയ സമയം മുതൽ ഈ കിരീടമായിരുന്നു ലക്ഷ്യം. എന്നാൽ ടീമിന് പല തിരിച്ചടികളും നേരിടേണ്ടി വന്നു. എന്നാൽ ഇന്ന് ഫൈനലിൽ എത്തിയത് തിരിച്ചടികളിൽ ഒന്നും താനും ക്ലബും പതറിയില്ല എന്നതിന്റെ തെളിവാണ് എമ്പപ്പെ പറഞ്ഞു. ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിന്റെ ഭാഗമാവുക ആണ് തന്റെ ലക്ഷ്യം എന്ന് എമ്പപ്പെ പറഞ്ഞു. ഇതിനകം തന്നെ ഫ്രാൻസിനൊപ്പം ലോകകപ്പ് നേടിയ എമ്പപ്പെ ഇപ്പോൾ പി എസ് ജിയെ ചാമ്പ്യൻസ് ലീഗ് നേടുന്ന രണ്ടാമത്തെ ഫ്രഞ്ച് ക്ലബാക്കി മാറ്റാൻ ആണ് പ്രവർത്തിക്കുന്നത്.