ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസണ് ഇന്ന് തുടക്കമാകും. ഇന്ന് ഫുട്ബോൾ ലോകം ഉറ്റു നോക്കുന്ന പോരാട്ടം നടക്കുന്നത് പാരീസിൽ ആണ്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ പി എസ് ജി ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് നേരിടുന്നത്. ചാമ്പ്യൻസ് ലീഗിൽ ഒരു ഇടവേളയ്ക്ക് ശേഷം എത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇത് നിർണായക മത്സരമാണ്. പല വിമർശനങ്ങൾക്ക് മറുപടി പറയാൻ ഇന്ന് ഒരു മികച്ച പ്രകടനം യുണൈറ്റഡിന് നടത്തേണ്ടതുണ്ട്.
അവസാന വട്ടം മാഞ്ചസ്റ്റർ യുണൈറ്റഡ് പാരീസിൽ വന്നത് ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ പരിശീലക കരിയറിലെ തന്നെ ഏറ്റവും മികച്ച ദിവസമായിരുന്നു. അന്ന് പി എസ് ജിയെ ചാമ്പ്യൻസ് ലീഗിൽ നിന്ന് ഒരു ക്ലാസിക് പോരാട്ടത്തിലൂടെ പുറത്താക്കാൻ യുണൈറ്റഡിനായിരുന്നു. എന്നാൽ പി എസ് ജി ഇപ്പോൾ അന്നത്തെ പി എസ് ജിയേക്കാൾ കരുത്തരാണ്. നെയ്മർ എമ്പപ്പെ കൂട്ടുകെട്ട് തന്നെ ആകും ഇന്ന് യുണൈറ്റഡ് ഡിഫൻസിന്റെ പേടി സ്വപ്നം. യുണൈറ്റഡ് ഡിഫൻസിൽ ഇന്ന് ക്യാപ്റ്റൻ മഗ്വയർ ഉണ്ടാകില്ല എന്നത് പ്രശ്നമാണ്. ഡിഫൻഡർ എറിക് ബയിയും ഇന്നില്ല. അതുകൊണ്ട് തന്നെ യുണൈറ്റഡ് ഡിഫൻസിൽ സോൾഷ്യർ ആരെയൊക്കെ ഇറക്കും എന്നത് സംശയമാണ്.
ഇന്ന് ലൂക് ഷോയെ ഉൾപ്പെടുത്തി മൂന്ന് സെന്റർ ബാക്ക് എന്ന ഫോർമേഷൻ ഇറക്കാൻ ആകും ഒലെ ശ്രമിക്കുക. അങ്ങനെ ആണെങ്കിൽ മക്ടോമിനെയും സെന്റർ ബാക്ക് ആകും. അലക്സ് ടെല്ലസ് ഇന്ന് യുണൈറ്റഡിനായി അരങ്ങേറ്റം നടത്താനും സാധ്യത ഉണ്ട്. മുൻ പി എസ് ജി താരം എഡിസൻ കവാനി ഇന്ന് യുണൈറ്റഡിനായി അരങ്ങേറ്റം നടത്തില്ല. കവാനി, ഗ്രീൻവുഡ് എന്നിവർ ഫ്രാൻസിലേക്ക് യാത്ര ചെയ്തിട്ടില്ല. മാർഷ്യൽ ഇന്ന് തിരികെ ടീമിൽ എത്തും. പി എസ് ജി നിരയിൽ ഇന്ന് വെറാട്ടി, പരെദസ്, ബെർണാഡ് എന്നിവർ പരിക്ക് കാരണം ഉണ്ടാവില്ല. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുന്നത്.