പി എസ് ജിക്ക് മടങ്ങാം, മാഞ്ചസ്റ്റർ സിറ്റി ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പി എസ് ജിയുടെ ചാമ്പ്യൻസ് ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് തുടരും. കഴിഞ്ഞ തവണ ഫൈനലിൽ വീണ സിറ്റി ഇത്തവണ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ വീണിരിക്കുകയാണ്. വീഴ്ത്തിയത് മിന്നുന്ന ഫോമിൽ ഉള്ള മാഞ്ചസ്റ്റർ സിറ്റിയും. ഇന്ന് മാഞ്ചസ്റ്ററിൽ നടന്ന രണ്ടാം പാദ സെമിയിൽ എതിരില്ലാത്ത രണ്ടു ഗോളിന് പി എസ് ജിയെ തോൽപ്പിച്ചതോടെയാണ് മാഞ്ചസ്റ്റർ സിറ്റി ഫൈനൽ ഉറപ്പിച്ചത്‌. ആദ്യ പാദത്തിൽ 2-1ന് വിജയിച്ചിരുന്ന സിറ്റി ഇപ്പോൾ 4-1ന്റെ അഗ്രിഗേറ്റ് സ്കോറിലാണ് വിജയം സ്വന്തമാക്കിയത്.

ഇന്ന് തുടക്കത്തിൽ അറ്റാക്ക് ചെയ്തത് പി എസ് ജി ആയിരുന്നു. ഏഴാം മിനുട്ടിൽ അവർക്ക് ഒരു പെനാൾട്ടി ലഭിച്ചിരുന്നു. എന്നാൽ വാർ ആ തീരുമാനൻ തിരുത്തി‌. ഇതിനു പിന്നാലെ സിറ്റിയുടെ ഗോളും വന്നു‌. മഹ്റെസാണ് സിറ്റിക്ക് പതിനൊന്നാം മിനുട്ടിൽ ലീഡ് നൽകിയത്. എഡേഴ്സന്റെ ഗോൾ കിക്കിലാണ് സിറ്റി അറ്റാക്ക് തുടങ്ങിയത്. ആ അറ്റാക്കിന്റെ അവസാനം ഡി ബ്രുയിൻ എടുത്ത സ്ട്രൈക്ക് ഡിഫ്ലക്റ്റഡ് ആയി മഹ്റെസിൽ എത്തുക ആയിരുന്നു. താരം നെവാസിന്റെ കാലിനിടയിലൂടെയാണ് പന്ത് വലയിൽ എത്തിച്ചത്.

ഇതിനു ശേഷം മാർക്കിനസിനും ഡി മറിയക്കും ആദ്യ പകുതിയിൽ സമനില നേടാനുള്ള അവസരങ്ങൾ കിട്ടി. പക്ഷെ മാർക്കിനസിന്റെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഡി മറിയയുടേത് പോസ്റ്റിന് ഉരുമ്മി പുറത്തേക്കും പോയി. എ‌മ്പപ്പെ ഇല്ലാതെ ഇറങ്ങിയത് പി എസ് ജിയുടെ അറ്റാക്കിനെ കാര്യമായി തന്നെ ഇന്നു ബാധിച്ചു‌.

രണ്ടാം പകുതിയിൽ സിറ്റി കൗണ്ടറുകൾക്കായി കാത്തിരുന്നു‌. 64ആം മിനുട്ടിൽ ഒരു കൗണ്ടറിൽ നിന്ന് സിറ്റി രണ്ടാം ഗോളും നേടി. രണ്ടാം ഗോളും മെഹ്റസ് തന്നെയാണ് നേടിയത്. ഫോഡന്റെ പാസിൽ നിന്നായിരുന്നു മെഹ്റസിന്റെ ഗോൾ. പി എസ് ജിക്ക് എതിരായ ആദ്യ പാദത്തിലും മെഹ്റസ് ഗോൾ നേടിയുരുന്നു. രണ്ടാം ഗോളിന് പിന്നാലെ പി എസ് ജി നിരയിൽ നിന്ന് ഡി മറിയ ചുവപൊ കണ്ട് പുറത്തു പോയി. ഒരാവശ്യവുമില്ലാതെ ഫെർണാണ്ടീനോയെ ചവിട്ടിയതിനാണ് ഡി മറിയ ചുവപ്പ് കണ്ടത്. ഇതിനു ശേഷം കാര്യങ്ങൾ സിറ്റിക്ക് എളുപ്പമായി‌.

ഈ വിജയത്തോടെ സിറ്റി ഉറപ്പിച്ചത് അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലാണ്. നാളെ നടക്കുന്ന റയലും ചെൽസിയും തമ്മിലുള്ള സെമി മറികടക്കുന്നവരാകും ഫൈനലിൽ സിറ്റിയെ നേരിടുക‌.