മാലാഖയായി ഡി മറിയ!! ലെപ്സിഗിനെ തകർത്തെറിഞ്ഞ് പി എസ് ജി ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ

- Advertisement -

ഫ്രഞ്ച് ചാമ്പ്യന്മാരായ പി എസ് ജി അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിയിരിക്കുകയാണ്. ഇന്ന് പോർച്ചുഗലിലെ ലിസ്ബണിൽ നടന്ന സെമി ഫൈനലിൽ ജർമ്മൻ ക്ലബായ ലെപ്സിഗിനെ അനായാസം പരാജയപ്പെടുത്തിയാണ് പി എസ് ജി ഫൈനലിലേക്ക് മാർച്ച് ചെയ്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. ഡിമറിയയുടെ ഗംഭീര പ്രകടനമാണ് പി എസ് ജിയെ ഫൈനലിലേക്ക് നയിച്ചത്.

ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് അർജന്റീനൻ താരം ഇന്ന് സംഭാവന ചെയ്തത്. സസ്പെൻഷൻ കാരണം ക്വാർട്ടർ ഫൈനലിൽ ഡി മറിയ കളിച്ചിരുന്നില്ല. ഇന്ന് മത്സരത്തിന്റെ തുടക്കം മുതൽ തന്നെ പി എസ് ജി ആക്രമണം തുടങ്ങി. എമ്പപ്പെയുടെ പാസിൽ നിന്ന് നെയ്മറിന് മികച്ച ഒരു അവസരം ലഭിച്ചു എങ്കിലും നെയ്മറിന്റെ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല. എങ്കിലും 13ആം മിനുട്ടിൽ തന്നെ പി എസ് ജി മുന്നിൽ എത്തി. ഡി മറിയയുടെ ക്രോസിൽ നിന്ന് ഒരു മികച്ച ഹെഡറിലൂടെ മർക്കിനസ് ആയിരുന്നു പി എസ് ജിക്ക് ലീഡ് നൽകിയത്.

രണ്ടാം ഗോൾ വരാൻ 42ആം മിനുട്ട് വരെ കാത്തു നിൽക്കേണ്ടു വന്നു. ലെപ്സിഗ് ഗോൾ കീപ്പറുടെ പിഴവ് മുതലെടുത്ത് അറ്റാക്ക് ചെയ്ത് പി എസ് ജിക്ക് രണ്ടാം ഗോൾ നൽകിയത് ഡി മറിയയുടെ ബൂട്ട് ആയിരുന്നു. നെയ്മറിന്റെ ഫ്ലിക്ക് പാസ് സ്വീകരിച്ച് ഒരു ടാപിന്നിലൂടെ ഡി മറിയ പി എസ് ജിയെ രണ്ട് ഗോളിന് മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ ലെപ്സിഗ് പൊരുതാൻ നോക്കി എങ്കിലും മൂന്നാം ഗോൾ മത്സരം ലെപ്സിഗിൽ നിന്ന് അകറ്റി. 56ആം മിനുട്ടിൽ ഡി മറിയയുടെ ക്രോസിൽ നിന്ന് ബെർണാട് ആണ് പി എസ് ജിക്ക് വേണ്ടി മൂന്നാം ഗോൾ നേടിയത്. പിന്നീട് പി എസ് ജിക്ക് കാര്യങ്ങൾ എളുപ്പമായി.

ഈ വിജയം പി എസ് ജിയെ അവരുടെ ചരിത്രത്തിലെ ആദ്യ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചു. 2003-04 സീസണിൽ മൊണാക്കോ ഫൈനലിൽ എത്തിയ ശേഷം ആദ്യമായാണ് ഒരു ഫ്രഞ്ച് ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. നാളെ നടക്കുന്ന ബയേണും ലിയോണും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ആകും പി എസ് ജി ഫൈനലിൽ നേരിടുക.

Advertisement