മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം ക്ലബ്ബ് ഫുട്ബോളിന്റെ ആവേശം പരകോടിയിൽ എത്തിച്ച് ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾക്ക് വീണ്ടും അരങ്ങുണരുമ്പോൾ ആവേശപ്പോരാട്ടത്തിൽ ആദ്യം ഏറ്റു മുട്ടുന്നത് പിഎസ്ജിയും ബയേൺ മ്യൂണിക്കും. പിഎസ്ജിയുടെ തട്ടകത്തിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ 1.30 ആരംഭിക്കുമ്പോൾ മറ്റൊരു മത്സരത്തിൽ മിലാൻ ടോട്ടനത്തെയും നേരിടും.
പാരീസിൽ ബയേണിനെ സ്വീകരിക്കാൻ ഒരുങ്ങുന്ന പിഎസ്ജി പരിശീലകൻ ഗാൾട്ടിയറിന് ടീമിന്റെ ഫോമിൽ കുറച്ചൊന്നുമല്ല ആശങ്കപ്പെടാൻ ഉണ്ടാവുക. കൂനിന്മേൽ കുരുവെന്ന പോലെ പ്രധാന താരങ്ങളുടെ പരിക്കും കൂടി ആവുമ്പോൾ എന്ത് തന്ത്രമാവും പിഎസ്ജി പുറത്തെടുക്കുക എന്നത് കണ്ടറിയേണ്ടതാണ്. മെസ്സി, എമ്പാപ്പെ, വെറാറ്റി, റെനെറ്റോ സാഞ്ചസ് എന്നിവരെല്ലാം പരിക്കിന്റെ പിടിയിൽ തന്നെ. നെയ്മർ ആവട്ടെ പതിവ് ഫോമിലേക്ക് എത്തിയിട്ടും ഇല്ല. എങ്കിലും സുപ്രധാന മത്സരങ്ങളിൽ മികവിലേക്ക് ഉയരാറുള്ള ബ്രസീലിയൻ താരത്തിന്റെ മികവ് തന്നെയാണ് പിഎസ്ജി ആരാധകർ ഉറ്റു നോക്കുന്നത്.
മെസ്സിയും എമ്പാപ്പെയും പരിശീലനം നടത്തിയതായി ഫ്രഞ്ച് മാധ്യമങ്ങൾ സൂചന നൽകിയിട്ടുണ്ട്. ഇരുവരും സ്ക്വാഡിൽ ഉൾപ്പെട്ടിട്ടുമുണ്ട്. അവസാന നിമിഷം എങ്കിലും ഇരുവരെയും ഉൾപ്പെടുത്താൻ കഴിഞ്ഞാൽ അത് പിഎസ്ജിക്ക് നൽകുന്ന ഊർജവും ചെറുതാവില്ല. മർക്കോസ് വെറാറ്റിയുടെ അഭാവം ഓരോ മത്സരത്തിലും മധ്യനിരയിൽ ടീം അനുഭവിക്കുന്നുണ്ട്. മുസ്യാലയും കിമ്മിച്ചും ഗോരെട്സ്കയും അടങ്ങിയ ബയേണിനോട് പിടിച്ചു നിൽക്കാൻ മെസ്സിയും വെറാറ്റിയും ഇല്ലാത്ത പിഎസ്ജി പാടുപെടും എന്നുള്ളത്തിൽ സംശയമില്ല. സീസൺ പുനരാരംഭിച്ചപ്പോൾ തുടർച്ചയായി സമനില വഴങ്ങിയ ബയേൺ പക്ഷെ, അവസാന മൂന്ന് മത്സരങ്ങളിൽ 11 ഗോളുകൾ നേടിക്കൊണ്ട് ഫോമിലേക്ക് തിരിച്ചെത്തിയ സൂചന നൽകിയിട്ടുണ്ട്. കൂടാതെ കേവലം ഡോന്നാറുമയിലേക്ക് ഒതുങ്ങി പോകുന്ന പിഎസ്ജി പ്രതിരോധം കൂടിയാവുമ്പോൾ ബയേണിന് കാര്യങ്ങൾ എളുപ്പമാകും. പിൻനിരയിൽ ഒന്നിന് പിറകെ ഒന്നായി പിഴവുകൾ വരുത്തുന്ന തരങ്ങൾക്കിടയിൽ പിഎസ്ജിക്ക് ഒരേയൊരു ആശ്വാസവും ഇറ്റാലിയൻ കീപ്പറുടെ ഫോമാണ്. മുള്ളർ, കോമാൻ, ഗ്നാബറി എന്നിവർ എല്ലാം കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നു. കൂടാതെ ഗോൾ അടിച്ചും അടിപ്പിച്ചും മുന്നേറുന്ന മുസ്‌യാല കൂടി ആവുമ്പോൾ ബയേണിനെ പിടിച്ചു കെട്ടാൻ ഗാൾട്ടിയർ തന്ത്രങ്ങൾക്കായി തലപ്പുകക്കേണ്ടി വരും. കഴിഞ്ഞ മത്സരത്തിൽ കളത്തിലേക്ക് തിരിച്ചെത്തിയ കിംപെമ്പേ ആദ്യ ഇലവനിലേക്ക് എത്തിയാൽ അത് പിഎസ്ജി പ്രതിരോധത്തിന് വലിയൊരു കരുത്തേകും. അഷ്റഫ് ഹക്കിമി റൈറ്റ് ബാക്ക് സ്ഥാനത് എത്തുക കൂടി ചെയ്യുമ്പോൾ തുടർച്ചയായ തിരിച്ചടികൾക്ക് ഇടയിലും ബയേണിനെതിരെ ഒരു കൈ നോക്കാം എന്നാവും ഫ്രഞ്ച് ക്ലബ്ബ് കരുതുന്നത്.
ആഭ്യന്തര ലീഗുകളിൽ അഞ്ചാം സ്ഥാനത്താണ് ടോട്ടനവും മിലാനും. സ്ഥിരതയില്ലാത്ത പ്രകടനം തന്നെയാണ് ഇരുവർക്കും തിരിച്ചടി ആയിട്ടുള്ളത്. ലീഗ് പുനരംഭിച്ച ശേഷം രണ്ടു മത്സരങ്ങളിൽ മാത്രം വിജയം കാണാൻ കഴിഞ്ഞ മിലാൻ, ഇന്ററിനോടും ലാസിയോയോടും എല്ലാം അടിയറവ് പറഞ്ഞിരുന്നു. മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി കരുത്തറിയിച്ച ടോട്ടനത്തിന് പക്ഷെ അടുത്ത മത്സരത്തിൽ ലെസ്റ്ററിനോട് കനത്ത തോൽവിയും ഏറ്റു വാങ്ങേണ്ടി വന്നു. പോസ്റ്റിന് കീഴിൽ മെയ്ഗ്നന് പരിക്കേറ്റ് പുറത്തേനെങ്കിലും ഇംഗ്ലീഷ് താരം ടോമോരി, ബെന്നാസർ എന്നിവർ പരിശീലനം പുനരാരംഭിച്ചത് മിലാന് ആശ്വാസമാണ്. ഫ്ലോറൻസിയും പരിക്ക് മൂലം പുറത്തു തന്നെയാണ്. ജിറൂഡും റാഫേൽ ലിയോയും ബ്രഹീം ഡിയാസും എല്ലാം ഫോമിലേക്ക് ഉയർന്നാൽ ടോട്ടനം പ്രതിരോധത്തെ വീഴ്ത്താം എന്ന പ്രതീകയിലാവും മിലാൻ. കഴിഞ്ഞ മത്സരത്തിൽ ബെന്റാങ്കുറും പരിക്കിന്റെ പിടിയിൽ ആയതാണ് ടോട്ടനത്തിലെ പുതിയ വാർത്ത. ഇതോടെ മധ്യനിരയുടെ കാര്യത്തിൽ ടീം മാറ്റങ്ങൾ കൊണ്ടു വരേണ്ടി വരും. ലോറിസിന് പകരം ഫോസ്റ്റർ തന്നെ വലകാക്കാൻ എത്തും. സോണും കുലുസേവ്സ്കിയും കെയിനും കൂടി ചേരുമ്പോൾ എതിർ തട്ടകത്തിൽ തന്നെ വിജയം കൊയ്ത് അടുത്ത ഘട്ടത്തിലേക്കുള്ള പ്രവേശനം എളുപ്പമാക്കാൻ ഉള്ള തന്ത്രങ്ങൾ ആവും കോന്റെ മെനയുക.