ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിൽ ലിവർപൂൾ ഇന്ന് പോർട്ടോയെ നേരിടും. ആദ്യം പാദത്തിൽ ആൻഫീൽഡിൽ ഏകപക്ഷീയമായ രണ്ടു ഗോളിന് ജയിച്ചതിൻറെ ആത്മവിശ്വാസവുമായാണ് ലിവർപൂൾ പോർട്ടോയിൽ എത്തുന്നത്. ലിവർപൂളിന് വേണ്ടി നബി കെയ്റ്റയും റോബർട്ടോ ഫിർമിനോയുമായിരുന്നു ഗോളുകൾ നേടിയിരുന്നത്. അതെ സമയം ചാമ്പ്യൻസ് ലീഗിൽ ഈ സീസണിൽ സ്വന്തം ഗ്രൗണ്ടിൽ കളിച്ച നാല് മത്സരങ്ങളും ജയിച്ചാണ് പോർട്ടോ ലിവർപൂളിനെ നേരിടാനിറങ്ങുന്നത്.
കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ പോർട്ടോയെ ഏകപക്ഷീയമായ അഞ്ചു ഗോളിന് തോൽപ്പിച്ച ചരിത്രവും ലിവർപൂളിന് പ്രതീക്ഷ നൽകും. യൂറോപ്യൻ മത്സരത്തിൽ പോർട്ടോയുടെ ഏറ്റവും വലിയ തോൽവിയും ഇത് തന്നെയായിരുന്നു. പോർട്ടോ നിരയിൽ വിലക്ക് കഴിഞ്ഞ് പെപെയും ഹെക്ടറും തിരിച്ചുവരുന്നത് അവർക്ക് ആത്മവിശ്വാസം നൽകും. അതെ സമയം ലിവർപൂൾ നിരയിൽ ആദ്യ പാദം നഷ്ട്ടമായ ആന്റി റോബർട്സണും ടീമിൽ തിരിച്ചെത്തും. പ്രതിരോധ നിരയിൽ ലോവ്റന് പകരം മാറ്റിപ് തന്നെയാവും വാൻ ഡൈകിന്റെ പങ്കാളിയാവുക. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീമിന് സെമി ഫൈനലിൽ എതിരാളികൾ ബാഴ്‌സലോണയാവും