വീണ്ടുമൊരു റയൽ മാഡ്രിഡ് ലിവർപൂൾ പോരാട്ടം, കണക്കുകൾ തീരുമോ?

Nihal Basheer

Picsart 23 02 20 20 13 23 535
Download the Fanport app now!
Appstore Badge
Google Play Badge 1

സമീപ കാലത്ത് യൂറോപ്പിലെ വമ്പൻ പോരാട്ടങ്ങളിൽ മുഖാമുഖം വന്നിട്ടുള്ള റയൽ മാഡ്രിഡും ലിവർപൂളും ചാമ്പ്യൻസ് ലീഗ് ക്വർട്ടറിൽ സ്ഥാനം ഉറപ്പിക്കാൻ ഒരിക്കൽ കൂടി കളത്തിൽ ഏറ്റു മുട്ടുന്നു. ലിവർപൂളിന്റെ തട്ടകത്തിൽ നിലവിലെ ഫൈനലിസ്റ്റുകൾ കൊമ്പുകോർക്കുമ്പോൾ മറ്റൊരു പ്രീ ക്വർട്ടർ മത്സരത്തിൽ നാപോളി ഫ്രാങ്ക്ഫെർട്ടിനേയും നേരിടും. ബുധനാഴ്ച പുലർച്ചെ 1.30നാണ് മത്സരങ്ങൾക്ക് പന്തുരുണ്ടു തുടങ്ങുക.

Picsart 23 02 20 20 13 37 401

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ടു തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റു മുട്ടിയ ടീമുകൾ ആണ് ലിവർപൂളും മാഡ്രിഡും. മാഡ്രിഡിന്റെ “തട്ടകമായ” ടൂർണമെന്റിൽ പക്ഷെ രണ്ടു തവണയും കീഴടങ്ങാൻ ആയിരുന്നു ക്ലോപ്പിന്റെയും സംഘത്തിന്റെയും വിധി. ഫോം ഇല്ലായിമ ആയിരുന്നു നിലവിലെ സീസണിൽ ലിവർപൂളിന്റെ പ്രശ്നം. ലീഗിൽ തുടർച്ചയായ തിരിച്ചടികൾ ആയിരുന്നു നേരിട്ടു കൊണ്ടിരുന്നത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ന്യൂകാസിലിനെയും എവർടനേയും വീഴ്ത്താൻ കഴിഞ്ഞത് അവർക്ക് വലിയ ഊർജമായിട്ടുണ്ട്. ഗാക്പോയും ന്യൂനസും എല്ലാം ഗോൾ സ്‌കോർ ചെയ്തു തുടങ്ങിയതും ടീമിന് മുതൽക്കൂട്ടാണ്. പരിക്കിന്റെ പിടിയിൽ നിന്നും മോചിതനായി ജോട്ടയും വാൻ ഡൈക്കും എല്ലാം തിരിച്ചെത്തിയത് ലിവർപൂളിന് കരുത്തു പകരും. തോളിന് പരിക്കേറ്റിട്ടുണ്ടെങ്കിലും ന്യൂനസ് മത്സരത്തിന് ഉണ്ടാവും എന്നു തന്നയാണ് ക്ലോപ്പ് നൽകുന്ന സൂചന. എങ്കിലും മോഡ്രിച്ച് അടക്കമുള്ള മാഡ്രിഡിനെ പിടിച്ചു കെട്ടാൻ മധ്യനിരയുടെ പ്രകടനം കൂടി വേണ്ടി വരും എന്നതിനാൽ ക്ലോപ്പ് എന്ത് തന്ത്രം പ്രയോഗിക്കും എന്നാണ് കണ്ടറിയേണ്ടത്. മാഡ്രിഡിന് വേണ്ടി പതിവ് പോലെ വിനിഷ്യസും ബെൻസിമയും തന്നെ മുൻ നിരയിൽ എത്തും. ഫോമിലുള്ള അസൻസിയോ, റോഡ്രിഗോ എന്നിവരെയും ആൻസലോട്ടിക്ക് മുന്നേറ്റത്തിലേക്ക് പരിഗണിക്കാം. ക്രൂസും ചൗമേനിയും അസുഖം മൂലം ടീമിന് പുറത്താണ്. എങ്കിലും കമാവിംഗ, സെബയ്യോസ് എന്നിവർ മോഡ്രിച്ചിന് തുണയായി എത്തും. ഏതു സ്ഥാനത്തും കോച്ചിന് പരിഗണിക്കാവുന്ന വാൽവെർടേ കൂടി ആവുമ്പോൾ ടീമിന് വലിയ ആധികൾ ഇല്ല. കുർട്ടോയും അലാബയും റുഡിഗറും എഡർ മിലിറ്റാവോയും എല്ലാം ടീമിൽ ഇടം പിടിക്കും. സ്വന്തം തട്ടകത്തിൽ കൂടുതൽ ഗോളുകൾ ലക്ഷ്യം വെച്ചു തന്നെ ആവും ലിവർപൂൾ ഇറങ്ങുന്നത്.

230218100055 02 Victor Osimhen Napoli 0217

യൂറോപ്പിലെ നിലവിലെ ഏറ്റവും മികച്ച ടീമുകളിൽ ഇന്നാണ് നാപോളി. സീരി എയിൽ കുതിക്കുന്ന അവർക്ക് ടീമിന്റെ എല്ലാ മേഖലകളിലും ശക്തി പ്രകടിപ്പിക്കാൻ സാധിക്കുന്നുണ്ട്. ഒസിമൻ നയിക്കുന്ന മുന്നേറ്റ നിരമുതൽ പോസ്റ്റിന് കീഴിൽ മെരെറ്റ് വരെ എല്ലാവരും പതിവ് പോലെ ഫോമിലേക്ക് ഉയർന്നാൽ നിലവിലെ യൂറോപ്പ ചാമ്പ്യന്മാർ കൂടിയായ ഫ്രാങ്ക്ഫെർട്ട് വിയർക്കും. അവസാന ഏഴ് ലീഗ് മത്സരങ്ങളിൽ വിജയവുമായാണ് നാപോളി എത്തുന്നത്. ലീഗിൽ ആറാം സ്ഥാനത്തുള്ള ഫ്രാങ്ക്ഫെർട്ടും വെർടർ ബ്രമനെ തോൽപ്പിച്ചാണ് എത്തുന്നത്. കൊളോ മുവാനി, ലിന്റ്സ്‌ട്രോം, മധ്യനിരയിൽ കമാഡ, പ്രതിരോധത്തിൽ എൻഡിക്ക എന്നിവർ അണിനിരക്കുന്ന ഫ്രാങ്ക്ഫെർട്ടും കടലാസിൽ കരുത്തർ തന്നെ.