റൊണാൾഡോയുടെ കുറവ് റയൽ മാഡ്രിഡിൽ ഉണ്ടെന്ന് പറഞ്ഞ് നവാസ്

Staff Reporter

പതിറ്റാണ്ടിലെ ഏറ്റവും മോശം പ്രകടനവുമായി കടന്ന് പോവുന്ന റയൽ മാഡ്രിഡ് റൊണാൾഡോയെ മിസ് ചെയ്യുന്നുണ്ടെന്ന് പറഞ്ഞ് റയൽ മാഡ്രിഡ് ഗോൾ കീപ്പർ കീലോർ നവാസ്. സി.എസ്.കെ.എ. മോസ്കൊയോട് ചാമ്പ്യൻസ് ലീഗിൽ തോറ്റതിന് ശേഷമാണ് താരത്തിന്റെ പ്രതികരണം.

ഒരു സൂര്യനെ ഒരു വിരലുകൊണ്ട് മറക്കാൻ പറ്റില്ലെന്ന് പറഞ്ഞാണ് നവാസ് റൊണാൾഡോയുടെ യുവന്റസിലേക്കുള്ള ട്രാൻസ്ഫറിനെ സൂചിപ്പിച്ചത്. ഏവരെയും ഞെട്ടിച്ചുകൊണ്ട് ഈ സീസണിന്റെ തുടക്കത്തിൽ യുവന്റസിലേക്ക് പോയ റൊണാൾഡോക്ക് പകരക്കാരനായി ഒരു സൂപ്പർ താരത്തെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് ആയിരുന്നില്ല. പി.എസ്.ജി താരം എംബപ്പേയെയും ചെൽസി താരം ഹസാർഡിനെയും റയൽ മാഡ്രിഡ് ടീമിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും റൊണാൾഡോക്ക് പകരമായി ഒരു സൂപ്പർ താരത്തെ റയൽ ടീമിൽ എത്തിച്ചിരുന്നില്ല.

റൊണാൾഡോയുടെ ഗോളുകൾ ആണ് ഈ സീസണിൽ റയൽ മാഡ്രിഡിന് ഏറ്റവും കൂടുതൽ നഷ്ടമായത്. കഴിഞ്ഞ സീസണിൽ നേടിയ 44 ഗോളുകൾ അടക്കം മികച്ച റെക്കോർഡാണ് റയൽ മാഡ്രിഡിൽ റൊണാൾഡോക്ക് ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും ഗോൾ നേടാൻ റയൽ മാഡ്രിഡിന് ആയിരുന്നില്ല.