ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ ലെഗിൽ ഫ്രാങ്ക്ഫർട്ടിനെ 2-0ന് തകർത്ത് നാപ്പോളി. ഇറ്റലിയിലെ അവരുടെ ഫോം യൂറോപ്യൻ രാത്രിയിലും അവർ തുടരുന്നതാണ് ഇന്ന് കണ്ടത്. കളിയുടെ തുടക്കം മുതൽ ഒടുക്കം വരെ ആധിപത്യം പുലർത്തിയ ഇറ്റാലിയൻ ക്ലബ്ബ് ശക്തമായ പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.
36-ാം മിനിറ്റിൽ നാപോളിക്ക് ലഭിച്ച പെനാൾട്ടി ക്വാറത്‌സ്‌ഖേലിയ പാഴാക്കിയെങ്കിലും 40-ാം മിനിറ്റിൽ ഒസിമെൻ നാപോളിക്ക് ലീഡ് നൽകി. ഈ സീസണിലെ ഒസിമന്റെ 20-ാം ഗോളായി ഇത് മാറി. 65-ാം മിനിറ്റിൽ ക്വാറയുടെ അസിസ്റ്റിലൂടെ ഡി ലോറെൻസോ കൂടെ ഗോൾ കണ്ടെത്തിയതോടെ നാപോളിയുടെ വിജയം ഉറപ്പായി.
58-ാം മിനിറ്റിൽ കോലോ മുവാനി ചുവപ്പ് കാർഡ് കണ്ടതും ഫ്രാങ്ക്ഫർട്ടിന് വലിയ തിരിച്ചടിയായി. ഈ വിജയത്തോടെ, ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ ഏതാണ്ട് നാപോളി ഉറപ്പിച്ചു എന്ന് പറയാം. ഇനി നാപൾസിലെ രണ്ടാം പാദത്തിനായുള്ള കാത്തിരിപ്പാണ്.