“മെസ്സിയല്ലെ, വരാൻ പറ!!” – ബാഴ്സലോണയെ ഭയമില്ലെന്ന് സ്മാളിംഗ്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടം ഇന്ന് നടക്കാൻ ഇരിക്കുകയാണ്‌. മെസ്സിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് എങ്ങനെ നേരിടും എന്ന് യുണൈറ്റഡ് ആരാധകർ ഒക്കെ ആശങ്കയിൽ ഇരിക്കുമ്പോൾ മെസ്സിയോടും ബാഴ്സലോണയോടും വരാൻ പറ എന്ന നിലപാടാണ് യുണൈറ്റഡ് സെന്റർ ബാക്ക് സ്മാളിംഗിന്. താൻ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് മെസ്സിയുമായുള്ളത് എന്ന് ക്രിസ് സ്മാളിങ് മത്സരത്തിന് മുന്നോടിയായി പറഞ്ഞു.

ഈ സീസണിൽ താൻ റൊണാൾഡോയേയും എമ്പപ്പെയെയും നേരിട്ടിട്ടുണ്ട്‌. അവരെ തടയാനും ആയിട്ടുണ്ട്. ആ പോരാട്ടങ്ങളെ പോലെയാണ് മെസ്സിയുമായുള്ള പോരാട്ടത്തെയും കാണുന്നത് എന്ന് സ്മാളിങ പറഞ്ഞു‌. ഗ്രൂപ്പ് ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് യുവന്റസിനെയും പ്രീക്വാർട്ടർ ഘട്ടത്തിൽ പി എസ് ജിയെയും യുണൈറ്റഡ് മറികടന്നിരുന്നു. സ്മാളിംഗും ജോൺസും ഇന്ന് യുണൈറ്റഡ് സെന്റർ ബാക്കിൽ ഇറങ്ങാൻ സാധ്യതയുണ്ട്.

നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരം റിയോ ഫെർഡിനാൻഡ് മെസ്സിയെ രണ്ട് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ നേരിട്ടത് തന്റെ ദുസ്വപ്നമായി ഇപ്പോഴും തുടരുന്നു എന്ന് പറഞ്ഞിരുന്നു. മെസ്സിയെ തടയുക അസാധ്യമാണെന്നും റിയോ പറഞ്ഞിരുന്നു. യുണൈറ്റഡിന്റെ എക്കാലത്തെയും മികച്ച ഡിഫൻഡർ ഇങ്ങനെ പറയുമ്പോൾ ആണ് സ്മാളിങിന്റെ ഈ പ്രസ്ഥാവന.

Advertisement