ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരത്തിനുള്ള ടീമിൽ സ്ഥാനം നേടി ലയണൽ മെസ്സി. നേരത്തെ സെവിയ്യക്കെതിരെ പരിക്കേറ്റ മെസ്സി മൂന്ന് ആഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. എന്നാൽ രണ്ടു ആഴ്ച കൊണ്ട് തന്നെ പരിക്ക് മാറി മെസ്സി പരിശീലനം ആരംഭിച്ചതോടെയാണ് ഇന്റർ മിലാനെതിരെയുള്ള മത്സരത്തിനുള്ള ടീമിൽ ഉൾപെടുത്താൻ തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയാണ് മെസ്സി പരിക്ക് മാറി പരിശീലനം ആരംഭിച്ചത്. നാളെയാണ് ഗ്രൂപ്പ് ബി ഇയിലെ ഇന്റർ മിലാനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് മത്സരം. ഇതിനുള്ള 22 അംഗ ടീമിനെയാണ് ബാഴ്‌സലോണ പ്രഖ്യാപിച്ചത്. മെസ്സി മത്സരത്തിൽ ആദ്യ ഇലവനിൽ ഉണ്ടാവില്ലെന്നാണ് സൂചനകൾ. പരിക്കിന്റെ പിടിയിലുള്ള തോമാസ് വെർമലൻ, സെർജി സംപേർ, സാമുവൽ ഉംറ്റിറ്റി എന്നിവർ ടീമിനൊപ്പം ഇറ്റലിയിലേക്ക് യാത്ര ചെയ്യുന്നില്ല.
അതെ സമയം മെസ്സിയില്ലാതെ ബാഴ്‌സലോണ കളിച്ച നാല് മത്സരങ്ങൾ ബാഴ്‌സലോണ ജയിച്ചിരുന്നു. ഇന്റർ മിലാൻ, റയൽ മാഡ്രിഡ്, റയോ വയ്യേകാനോ, കൾച്ചറൽ ലിയോനെസ എന്നി ടീമുകൾക്കെതിരെയാണ് മെസ്സിയുടെ അസാന്നിദ്ധ്യത്തിൽ ബാഴ്‌സലോണ ജയിച്ചത്.