ചാമ്പ്യൻസ് ലീഗിൽ മെസ്സിക്ക് വിശ്രമം കൊടുത്ത ഒരു മത്സരത്തിൽ കൂടെ ബാഴ്സലോണക്ക് വലിയ വിജയം. ഇന്ന് ഹംഗറി ക്ലബായ ഫെറങ്ക്വാറോസിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. നേരത്തെ മെസ്സി ഇല്ലാതെ ഡൈനാമോ കീവിനെതിരെ ഇറങ്ങിയപ്പോൾ എതിരില്ലാത്ത നാലു ഗോളുകൾക്കും ബാഴ്സലോണ വിജയിച്ചിരുന്നു.
മെസ്സിയുടെ അഭാവം ബാഴ്സലോണ ഇന്ന് അറിഞ്ഞതേ ഇല്ല. മികച്ച ഫുട്ബോൾ തന്നെ ബാഴ്സലോണ ആദ്യ പകുതിയിൽ കാഴ്ചവെച്ചു. ആദ്യ 28 മിനുട്ടിൽ തന്നെ ബാഴ്സലോണ മൂന്ന് ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 14ആം മിനുട്ടിൽ ഗ്രീസ്മൻ ആണ് ആദ്യ ഗോൾ നേടിയത്. ആൽബയുടെ പാസിൽ നിന്നായിരുന്നു ഗോൾ. പിന്നാലെ 20ആം മിനുട്ടിൽ ബ്രെത്വൈറ്റ് ബാഴ്സയുടെ രണ്ടാം ഗോൾ നേടി. ഡെംബലെ ആണ് ആ ഗോൾ ഒരുക്കിയത്.
28ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ബാഴ്സ മൂന്നാം ഗോളും നേടി. ബ്രെത്വൈറ്റ് വിജയിച്ച പെനാൾട്ടി ഡെംബലെ ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഈ വിജയത്തൊടേ ഒന്നാമതുള്ള ബാഴ്സലോണ അഞ്ചു മത്സരങ്ങളിൽ നിന്ന് 15 പോയിന്റിൽ എത്തി. ഇനി അവസാന ഗ്രൂപ്പ് മത്സരത്തിൽ യുവന്റസിനെ ആകും ബാഴ്സലോണ നേരിടുക.