മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ചാമ്പ്യൻസ് ലീഗിൽ ഒരു വൻ മത്സരമാണ്. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിൽ എത്തിയ ടീമായ ലെപ്സിഗാണ് ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ ഇന്ന് ഓൾഡ്ട്രാഫോർഡിൽ എത്തുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ പി എസ് ജിയെ തോൽപ്പിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായിരുന്നു. എന്നാൽ ഹോം ഗ്രൗണ്ടിൽ യുണൈറ്റഡിനെ ഫോം അത്ര നല്ലതല്ല. ഈ സീസണിൽ മൂന്ന് തവണ ഹോം ഗ്രൗണ്ടിൽ ഇറങ്ങിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു വിജയം നേടാൻ ആയിട്ടില്ല.
പി എസ് ജിക്ക് എതിരായ വിജയം ഒഴിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അത്ര നല്ല പ്രകടനങ്ങളും ഇതുവരെ കാണാൻ ആയിട്ടില്ല. ഇന്ന് വാൻ ഡെ ബീക്, കവാനി, ടുവൻസബെ, ടെല്ലസ് എന്നിവരൊക്കെ ആദ്യ ഇലവനിൽ എത്താൻ സാധ്യതയുണ്ട്. പി എസ് ജിക്ക് എതിരെ എന്ന പോലെ 3 സെന്റർ ബാക്ക് എന്ന ഫോർമേഷനിലേക്ക് ഒലെ മാറിയേക്കും.
മറുവശത്ത് ലെപ്സിഗ് മികച്ച ഫോമിലാണ് ഉള്ളത്. ബുണ്ടസ് ലീഗയിൽ ഒന്നാമതാണ് ലെപ്സിഗ് ഉള്ളത്. ചാമ്പ്യൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ബസക്ഷിയറിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു. പരിക്ക് നഗൽസ്മാന്റെ ടീമിന് പ്രശ്നമാണ് എങ്കിലും ഏതെങ്കിലും ഒരു താരത്തെ ആശ്രയിക്കുന്ന ടീമല്ല എന്നത് കൊണ്ട് തന്നെ മികച്ച പ്രകടനം തന്നെ ലെപ്സിഗിൽ നിന്ന് ഏവരും പ്രതീക്ഷിക്കുന്നു. ഇന്ന് രാത്രി 1.30നാണ് മത്സരം നടക്കുക.