ആദ്യ പാദത്തിന്റെ കരുത്തിൽ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിലേക്ക്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അനായാസം ക്വാർട്ടറിൽ. ആദ്യ പാദത്തിലെ 5-0 എന്ന വലിയ ലീഡിന്റെ കരുത്തുമായി സ്പോർടിങിനെ നേരിടാൻ ഇറങ്ങിയ മാഞ്ചസ്റ്റർ സിറ്റി ഇന്ന് സമ്മർദ്ദം ഒട്ടുമില്ലാതെ ആണ് കളിച്ചത്. പന്ത് കയ്യിൽ വെച്ച് സമാധാനത്തിൽ കളിച്ച സിറ്റി ഗോൾ രഹിത സമനില ഇന്ന് സ്വന്തമാക്കി. അഗ്രിഗേറ്റിൽ 5-0ന്റെ വിജയം.

വലിയ ലീഡ് ഉണ്ടായിരുന്നു എങ്കിലും മികച്ച സ്ക്വാഡിനെ തന്നെയാണ് പെപ് ഇന്നും കളത്തിൽ ഇറക്കിയത്. ആദ്യ പകുതിയിൽ ഇന്ന് ഗോൾ ഒന്നും പിറന്നില്ല. രണ്ടാം പകുതിയിൽ യുവതാരം ജെയിംസ് മകാറ്റിയെ പെപ് കളത്തിൽ ഇറക്കി താരത്തിന് അവസരം നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജീസുസിലൂടെ സിറ്റി ലീഡ് എടുത്തു എങ്കിലും വാർ ഓഫ്സൈഡ് വിളിച്ചു. ഇതിനു ശേഷം കാര്യമായ അവസരങ്ങൾ സിറ്റിയും സൃഷ്ടിച്ചില്ല.