അനായാസ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് നടന്ന ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ പ്രീക്വാർട്ടറിൽ കോപ്പൻഹേഗനെ ഒന്നിനെതിരെ 3 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്.
മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട് ആയ ഇതിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യ 9 മിനിട്ടുകൾക്ക് അകം തന്നെ മാഞ്ചസ്റ്റർ സിറ്റി 2 ഗോളിന് മുന്നിലെത്തിയിരുന്നു. കളിയുടെ അഞ്ചാം മിനിറ്റിൽ അക്കാഞ്ചിയിലൂടെയാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തത്. അർജൻറീന താരം ആൽവരസ് ആയിരുന്നു ആ ഗോൾ ഒരുക്കിയത്. പിന്നാലെ ഒമ്പതാം മിനിറ്റിൽ ആൽവരസ് ഒരു ഗോൾ നേടുകയും ചെയ്തു.
29ആം മിനിറ്റിൽ എല്ലിയോനിസിയിലൂടെ ഒരു ഗോൾ മടക്കാൻ കോപ്പൻഹേഗനായി. എന്നാൽ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഹാളണ്ട് കൂടെ ഗോൾ നേടിയതോടെ സിറ്റിയുടെ സ്കോർ 3-1 എന്നായി. രണ്ടാം പകുതിയിൽ ഈ ലീഡ് നിലനിർത്തി വിജയം ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റിക്കായി. ആദ്യപാദത്തിലും മാഞ്ചസ്റ്റർ സിറ്റി 3-1 എന്ന സ്കോറിലായിരുന്നു വിജയിച്ചത്. ഇതോടെ 6-2 എന്ന് അഗ്രിഗേറ്റ് സ്കോറിൽ മഞ്ചസ്റ്റർ സിറ്റി കോപൻഹേഗനെ മറികടന്ന് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.